ചെന്നൈയിൽ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; തലയുടെ പകുതിഭാഗം ഛേദിച്ച നിലയിൽ മൃതദേഹം പാറമടയിൽ

സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Last Updated: തിങ്കള്‍, 29 ഏപ്രില്‍ 2019 (08:23 IST)
തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ശ്രീപെരുമ്പത്തൂരിൽ സ്വകാര്യകമ്പനിയിൽ പ്ലംബറായ പാലക്കാട് കൊല്ലങ്കോട് എസ് വി സ്ട്രീറ്റിലെ ദുരൈസ്വാമിയുടെ മകൻ ശബരിനാഥാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ശെ‌ൽവത്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അയാളുടെ വീട്ടുകാരാണ് വാടകകൊലയാളിയുടെ സഹായത്തോടെ ശബരിനാഥിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് ആറിന് ജോലി കഴിഞ്ഞ് കമ്പനിയിൽനിന്ന് പുറത്തുവന്ന ശബരിനാഥിനെ ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ വടമംഗലത്തെ ജെ കെ ക്വാറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശബരിനാഥ് താമസിക്കുന്ന മുറിയിലേക്ക് ഈ മാസൻ 14ന് സഹപ്രവർത്തകരുൾപ്പെടെ നാലുപേർ വന്നിരുന്നു. ഇവർ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കവും മർദനവുമുണ്ടായി. നാലുപേരിൽ ശെ‌ൽവം എന്നയാൾ വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. സംഭവം നടന്നതിന് അടുത്ത ദിവസം ശെ‌ൽവത്തെ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയാൾ മരിക്കുകയയും ചെയ്തു.

ശെൽവത്തിന്റെ മരണത്തിനു കാരണം ശബരിനാഥിന്റെ മുറിയിൽ വച്ചുണ്ടായ മർദനമാണെന്നാരോപിച്ചാണ് കൊലപാതകം നടന്നത്. ശെൽവത്തിന്റെ മകനും മരുമകനും ചേർന്നാണ് ശബരിനാഥിനെ ബൈക്കിൽ തട്ടികൊണ്ടു പോയി. ഇതിനിടയിൽ, തന്നെ തട്ടിക്കൊണ്ടുപോകുന്നതായി ശബരിനാഥ് ചെന്നയിൽ ജോലി ചെയ്യുന്ന സഹോദരൻ വിഷ്ണുനാഥിനെ വിളിച്ചറിയിച്ചു. വിഷ്ണു ശ്രീപെരുമ്പത്തൂരിൽ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പാറമടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയുടെ പകുതിഭാഗം ഛേദിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :