രേണുക വേണു|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (14:17 IST)
പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് തേച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ രണ്ട് പേര് വെടിയേറ്റ് മരിച്ചു. തന്റെ മുഖത്ത് കേക്ക് തേച്ച രണ്ട് സുഹൃത്തുക്കളെയാണ് യുവാവ് കൊന്നത്. ബുധനാഴ്ച വൈകിട്ട് അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം നടന്നത്. മണി ധില്ലോണ്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സുഹൃത്ത് തനൂര്പ്രീതിന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് വേണ്ടിയാണ് മണി ധില്ലോണ്‍ അടക്കമുള്ള യുവാക്കള്‍ ഒത്തുകൂടിയത്. ഹോട്ടലില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്. ആഘോഷത്തിനിടയില്‍ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരില്‍ വഴക്ക് നടന്നിരുന്നതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. മണി ധില്ലോങ്ങിന്റെ മുഖത്ത് ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് കേക്ക് തേച്ചുവെന്നാണ് പറയുന്നത്. ഇത് മണി ധില്ലോങ്ങിന് ഇഷ്ടപ്പെട്ടില്ല. തന്റെ മുഖത്ത് കേക്ക് തേച്ചവരോട് മണി ധില്ലോങ് കയര്‍ത്തു സംസാരിച്ചു. പാര്‍ട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനിടയില്‍ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും ധില്ലോങ്ങിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.