യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഎം

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 22 ജൂലൈ 2015 (16:07 IST)
മുംബൈ സ്ഫോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്ക്ക യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപി‌എം. വധശിക്ഷയോട് സിപിഎമ്മിന് യോജിക്കാനാകില്ലെന്നും യാക്കൂബ് മേമന്റെ ദയാഹര്‍ജി അംഗീകരിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പോലും ജീവപര്യന്തമാക്കി കുറച്ചു. അതുകൊണ്ടു തന്നെ യാക്കൂബ് മേമന്റെ ശിക്ഷയും ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാണ് സിപി‌എം ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈ സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ യാക്കൂബ് മേമന്‍ പങ്കാളിയായിരിക്കാം. എന്നാല്‍ മറ്റുളള പ്രധാന പ്രതികളെപ്പോലെ ഒളിച്ചോടാന്‍ മേമന്‍ നോക്കിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങാനും വിചാരണ നേരിടാനും തയ്യാറായതായും സിപിഎം ചൂണ്ടിക്കാട്ടുന്നു. സംഭവത്തിലെ പാകിസ്ഥാനി ബന്ധത്തെക്കുറിച്ചും തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതിനെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറയാന്‍ മേമന്‍ തയ്യാറായി.

സംഭവത്തില്‍ ബാക്കിയുള്ളവരുടെ പങ്കിനെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചത് മേമനില്‍ നിന്നാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടാതെ കേസിലെ മുഖ്യ ആസൂത്രകരൊക്കെ വിദേശ ഏജന്‍സികളുടെ സഹായത്തോടെ രാജ്യം വിട്ടു. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനും നിയമമനുസരിക്കുന്ന ശിക്ഷ നല്‍കാനുമുളള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും വാര്‍ത്താക്കുറിപ്പില്‍ സിപിഎം പറയുന്നു.

257 പേര്‍ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ തെറ്റുതിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഈ മാസം 30 നാണ് വധശിക്ഷ നടപ്പാക്കേണ്ടത്. മുംബൈ ടാഡ കോടതിയാണ് മേമന് വധശിക്ഷ വിധിച്ചത്. തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കരുതെന്നാവശ്യപ്പെട്ട് യാകൂബ് മേമന്‍ വീണ്ടും ദയാ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :