'യാസ്' ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; അതീവ ജാഗ്രത

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 26 മെയ് 2021 (08:08 IST)

ബംഗാള്‍
ഉള്‍ക്കടലിലെ അതിശക്തമായ 'യാസ്' ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കര തൊടും. ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്. രാവിലെ എട്ടിനും പത്തിനുമിടയില്‍ ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ കരതൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിക്കുന്നത്. 'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറില്‍ 290 കിലോമീറ്റര്‍വരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍നിന്ന് പതിനൊന്നുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു.

ഇന്ന് (മെയ് 26) വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്ധ്രാ പ്രദേശ്-ഒഡിഷ-പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.

ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ന്യൂനമര്‍ദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട്
വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :