ന്യൂഡൽഹി|
സജിത്ത്|
Last Modified ശനി, 9 ജൂലൈ 2016 (08:09 IST)
സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ നിയന്ത്രിക്കാനായി കേന്ദ്ര വനിതാ–ശിശു ക്ഷേമ മന്ത്രാലയം നടത്തുന്ന നീക്കത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ, സർക്കാർ നടപടിക്കു ന്യായീകരണവുമായി മന്ത്രി മേനക ഗാന്ധി രംഗത്ത്. ഇന്റര്‍നെറ്റിനെ പൊലീസ് നീരീക്ഷണത്തിലാക്കുകയല്ല, മറിച്ച് ഇന്റര്‍നെറ്റ് വഴിയുള്ള പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
സമൂഹമാധ്യമമായ ട്വിറ്ററിന്റെ ഇന്ത്യയിലെ പൊതുനയവിഭാഗം മേധാവി മഹിമ കൗളുമായി മേനക ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തി. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന ചര്‍ച്ചയില്‍ മഹിമാ കൗള്‍ അറിയിച്ചു. ഇന്റര്‍നെറ്റിലൂടെ മോശം പരാമര്‍ശം, പീഡനം, വിദ്വേഷ പ്രചാരണം തുടങ്ങി മൂന്ന് തരത്തിലുള്ള പരാതികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് വേണ്ടി പ്രത്യേകം മെയില്‍ ഐഡി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മിലും ചർച്ച നടത്തി. ട്വിറ്ററിലൂടെ സ്ത്രീകള്‍ക്കെതിരെ വധഭീഷണിയുള്‍പ്പെടെയുണ്ടായ സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നു ട്വിറ്റർ അധികൃതരും അറിയിച്ചു.