ഭർത്താവ് ഇഷ്ടാനുസാരം ബ്ലൗസ് തയ്‌ച്ചു‌നൽകിയില്ല: വഴക്കിട്ട ശേഷം ഭാര്യ ജീവനൊടുക്കി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (14:01 IST)
തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനല്‍കാത്തതില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവതി ജീവനൊടുക്കി. 35കാരിയായ വിജയലക്ഷ്‌മിയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അംബര്‍പേട്ട് പ്രദേശത്തെ ഗോല്‍നാക തിരുമല നഗറില്‍ ഭര്‍ത്താവ് ശ്രീനിവാസിനും രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു വിജയലക്ഷ്മിയുടെ താമസം. തയ്യല്‍ക്കാരനായ ശ്രീനിവാസ് കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ബ്ലൗസ് തയ്ച്ചുനൽകിയിരുന്നു. എന്നാൽ ഈ ബ്ലൗസ് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ബ്ലൗസ് മാറ്റി തയ്ച്ചുനല്‍കണമെന്ന ഭാര്യയുടെ ആവശ്യം ശ്രീനിവാസ്‌ നിരസിക്കുകയും ഇതിനെ ചൊല്ലി തർക്കമാവുകയും ചെയ്‌തു. ശേഷം വിജയലക്ഷ്മി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിന്നു.

വൈകീട്ട് സ്കൂൾ വിട്ട് കുട്ടികൾ തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വിജയലക്ഷ്മി വാതില്‍ തുറന്നില്ല. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ശ്രീനിവാസ്‌
ബലംപ്രയോഗിച്ച് മുറി തുറന്നപ്പോഴാണ് വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മുമ്പും വഴക്കിടുന്ന സമയത്ത് മുറിയില്‍ കയറി വാതില്‍ അടയ്ക്കാറുണ്ടെന്നും ഭർത്താവ് മൊഴി നൽകിയതായി അബര്‍പേട്ട് ഇന്‍സ്‌പെക്ടര്‍ പി സുധാകര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :