Wrestlers Protest: എന്തിനാണ് രാജ്യത്തെ ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്നത്? അറിയേണ്ടതെല്ലാം

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി കൂടിയാണ് ബ്രിജ് ഭൂഷണ്‍

രേണുക വേണു| Last Modified ബുധന്‍, 31 മെയ് 2023 (13:21 IST)

Wrestlers Protest: ആഗോള തലത്തില്‍ ഇന്ത്യയെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഗുസ്തി താരങ്ങളുടെ സമരം. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളുടെ സമരം. വനിത അത്‌ലറ്റുകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് ബ്രിജ് ഭൂഷണെതിരായ ആരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെയും ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണമുണ്ട്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി കൂടിയാണ് ബ്രിജ് ഭൂഷണ്‍. ഇതാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ ഉള്‍പ്പെടെ ബ്രിജ് ഭൂഷണിനെതിരായ ഏഴോളം ലൈംഗിക അതിക്രമ കേസുകള്‍ അധികാരികള്‍ നേരിട്ട് മുക്കികളഞ്ഞെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ നേതാവ് ആയതുകൊണ്ട് ബ്രിജ് ഭൂഷണിനെതിരെ നടപടി സ്വീകരിക്കാന്‍ ബിജെപിയും ഭയപ്പെടുകയാണെന്ന് ആരോപണമുണ്ട്. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള നേതാവാണ് ബ്രിജ് ഭൂഷണ്‍.

റിയോ ഒളിംപിക്‌സ് ജേതാവാ സാക്ഷി മാലിക്കാണ് സമരമുഖത്ത് ആദ്യം മുതല്‍ സജീവമായി നിലകൊള്ളുന്നത്. നിരവധി പെണ്‍കുട്ടികള്‍ ബ്രിജ് ഭൂഷണില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടിട്ടുണ്ടെന്നും പലര്‍ക്കും അത് തുറന്ന് പറയാനുള്ള ധൈര്യമില്ലെന്നും അതുകൊണ്ടാണ് തങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നതെന്നും സാക്ഷി മാലിക്ക് പറയുന്നു. ടോക്കിയോ 2020 മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയ, ലോക ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവും ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട് എന്നിവരും സമര രംഗത്തുണ്ട്. രാജ്യത്തിനു വേണ്ടി തങ്ങള്‍ക്ക് കിട്ടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കി പ്രതിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം ഇവര്‍ അറിയിച്ചിരുന്നു. ബ്രിജ് ഭൂഷണിനെതിരെ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ഇവര്‍ പറയുന്നു.

ഡല്‍ഹി പൊലീസും സമരക്കാര്‍ക്ക് എതിരാണ്. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളൊന്നും ഇല്ലെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 15 ദിവസത്തിനുള്ളില്‍ ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 23 നാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്.

ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്ന ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയത് ഏറെ വിവാദമായിരുന്നു. രാത്രി നടന്ന പൊലീസ് ആക്രമണത്തില്‍ രണ്ട് സമരക്കാര്‍ക്ക് തലയില്‍ പരുക്കേറ്റിരുന്നു.

പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളില്‍ ഒരാളായ സാക്ഷി മാലിക്ക് വാര്‍ത്താസമ്മേളനത്തിനിടെ ബ്രിഡ് ഭൂഷണെ വെല്ലുവിളിച്ചിരുന്നു. ബ്രിജ് ഭൂഷണ്‍ നുണ പരിശോധനയ്ക്ക് വിധേയമാകണമെന്നായിരുന്നു സാക്ഷി മാലിക്കിന്റെ വെല്ലുവിളി. തങ്ങളും നുണ പരിശോധനയ്ക്ക് വിധേയമാകാമെന്ന് സാക്ഷി മാലിക്കും പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നുണ പരിശോധന നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :