വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് ഇനി സമ്പൂര്‍ണ്ണ സ്വകാര്യത; സർക്കാരുകൾക്ക് വെല്ലുവിളി!

സമ്പൂര്‍ണ്ണമായി സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്ട്സ്ആപ്പ് രംഗത്ത്

വാട്ട്സ്ആപ്പ്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, സ്വകാര്യത whatsapp, end to end encription, security
സജിത്ത്| Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (14:43 IST)
സമ്പൂര്‍ണ്ണമായി സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്ട്സ്ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷനോടു കൂടി അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമൊഴികെ മറ്റാർക്കും സന്ദേശങ്ങൾ വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കില്ല. നിലവിൽ ടെക് കമ്പനികൾക്കും അമേരിക്കൻ സർക്കാരിനുമിടയിൽ നടക്കുന്ന ശീതയുദ്ധത്തിന് മറുപടിയായാണ് വാട്ട്സ്ആപ്പ് പ്രാവർത്തികമാക്കിയതെന്ന് കരുതപ്പെടുന്നു

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സൗകര്യത്തിലൂടെ വാട്ട്‌സാപ്പില്‍ അയക്കുന്ന മെസ്സേജുകള്‍ അവരുടെ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആവുകയില്ല. അതുകൊണ്ട് തന്നെ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ, ഫയലുകൾ, വോയിസ് മെസേജുകൾ എന്നിവ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് വാട്ട്സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. ഗ്രൂപ് സന്ദേശങ്ങൾക്കും ഇതു ബാധകമായിരിക്കും. ഇനി സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാലും ഒരാളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കമ്പനിക്ക് നല്‍കാന്‍ സാധിക്കുകയില്ല.

വാട്ട്സ്ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ ചാറ്റ് ബോക്‌സിലെ ഒരാളുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്റ് ടു എന്റ് എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ക്യുആര്‍ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയര്‍ ചെയ്യുകയും ചെയ്താല്‍ ഇരുവര്‍ക്കുമിടയില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഇതിനായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് വേര്‍ഷനിലേക്ക് അപ്പ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.

വാട്ട്സ്‌ആപ്പ് സന്ദേശങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്ന ഉറപ്പും പുതിയ ഫീച്ചർ നൽകുന്നു. അതേ സമയം ഉപയോക്താക്കളുടെ സ്വഭാവം മനസിലാക്കുന്നതിന് ചില വിവരങ്ങൾ വാട്ട്സ്‌ആപ്പ് ശേഖരിക്കുന്നുണ്ട്.
ഒരു കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പിന്റെ ഈ പുതിയ സേവനം ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍, ബ്‌ളാക് ബെറി എന്നീ പ്‌ളാറ്റ് ഫോമുകളിലും ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :