ഹരിയാനയില്‍ 50 % പോളിംഗ്, മഹാരാഷ്ട്രയില്‍ 31%

മുംബൈ| Last Updated: ബുധന്‍, 15 ഒക്‌ടോബര്‍ 2014 (17:20 IST)
മഹാരാഷ്ട്ര, നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്കെത്തി. ശക്തമായ മല്‍സരം നടക്കുന്ന മഹാരാഷ്ട്രയില്‍ മന്ദഗതിയിലാണ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഉച്ചവരെ 31 ശതമാനം ആളുകളാണ് ഇവിടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. എന്നാല്‍ ഹരിയാനയില്‍ ശക്തമായ പോളിങ്ങാണ് നടക്കുന്നത്. 50 ശതമാനമാണ് ഇവിടുത്തെ പോളിങ്. ഗുര്‍ഗോണിലെയും മറ്റ് നഗരപ്രദേശങ്ങളിലുമാണ് ഏറ്റവും അധികം ആളുകള്‍ വോട്ട് ചെയ്തിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മുംബൈയില്‍ പ്രമുഖരായ നിരവധി പേര്‍ വോട്ട് രേഖപ്പെടുത്തി. ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സിനിമാ താരങ്ങളായ സല്‍മാന്‍ഖാന്‍, അഭിഷേക് ബച്ചന്‍, രേഖ ബൊമ്മന്‍ ഇറാനി എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇതാണ് യുവാക്കളുടെ അവസരമെന്നും വന്ന് വോട്ട് രേഖപ്പെടുത്തണമെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു. മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറും അദ്ദേഹത്തിന്റെ കുടുംബവും വോട്ട് രേഖപ്പെടുത്തി.

വോട്ടിങ്ങിനിടെ ഇരു സംസ്ഥാനങ്ങളിലും ചെറിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയില്‍ എന്‍എല്‍ഡി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. അക്രമത്തിനിടെ വെടിവെയ്പ്പും ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേന - എംഎന്‍എസ് പ്രവര്‍ത്തകര്‍ തമ്മിലും ഏറ്റുമുട്ടി.

ഒരു മണി വരെ ഹരിയാനയില്‍ 34.3 % മാത്രമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം മഹാരാഷ്ട്രയില്‍ 11 മണി വരെയുള്ള കണക്ക് അനുസരിച്ച് 17.9 % ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം 59 % മാത്രമായിരുന്നു. അതേസമയം ഹരിയാനയിലും മഹാരാഷ്ട്രയിലും ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും യുവാക്കള്‍ ചരിത്രപരമായ മാറ്റത്തിന് വഴിയൊരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു.


മഹാരാഷ്ട്രയിലെ 288 ഉം ഹരിയാനയിലെ 90 ഉം നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 91,000 പോളിംഗ് സ്‌റ്റേഷനുകലിലും ഹരിയാനയില്‍ 16,000 പോളിംഗ് സ്‌റ്റേഷനുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചവാന്‍ ,ഭൂപീന്ദര്‍ സിംഗ് ഹൂഡ, പങ്കജ മുണ്ടേ, അജിത് പവാര്‍, അഭയ് സിംഗ് ചൗട്ടാല തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.


സഖ്യങ്ങള്‍ തകര്‍ന്നതിനാല്‍ ചതുഷ്‌കോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയിലും, ബിജെപിയുടെ സജീവ സാന്നിധ്യം വഴി ത്രികോണ മത്സരം നടക്കുന്ന ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ടതാകും. ശിവസേന ബിജെപിയുമായും എന്‍സിപി കോണ്‍ഗ്രസ്സുമായും സഖ്യം പിരിഞ്ഞശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാക്കുന്നത്. ഗോപിനാഥ് മുണ്ടെ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന ബീഡ് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു.


ഹരിയാനയില്‍ 1351 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയില്‍ 1699 സ്വതന്ത്രരുള്‍പ്പെടെ 4119 സ്ഥാനാര്‍ഥികള്‍ ജനവിധിതേടുന്നുണ്ട്. 287 സീറ്റുകളില്‍ കോണ്‍ഗ്രസും 280 സീറ്റുകളില്‍ ബിജെപി യും ശിവസേന 282 സീറ്റുകളിലും മത്സരിക്കുന്നു. എന്‍സിപി 278 ഉം എംഎന്‍എസ് 219 ഉം സീറ്റുകളിലുമാണ് മത്സരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :