രേണുക വേണു|
Last Modified വ്യാഴം, 13 മാര്‍ച്ച് 2025 (10:32 IST)
മുസ്ലിം പള്ളികള്‍ക്കെതിരെ അസാധാരണ നീക്കവുമായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വെള്ളിയാഴ്ച നടക്കുന്ന ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ നിരവധി മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ചുകെട്ടി. ഹോളി ദിവസം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് വിചിത്രമായ ഈ നടപടിയെന്നാണ് ബിജെപി സര്‍ക്കാരിന്റെ വിശദീകരണം.
ഹിന്ദു ക്ഷേത്രം നിലനിന്നിരുന്ന എന്ന അവകാശവാദത്തിന്റെ പേരില്‍ കോടതിയില്‍ കേസ് നടക്കുന്ന ഷാഹി ജുമാ മസ്ജിദ് അടക്കം സംഭലിലെ പത്ത് മുസ്ലിം പള്ളികളാണ് ജില്ലാ ഭരണകൂടം ടാര്‍പോളിന്‍ കൊണ്ട് മറച്ചിരിക്കുന്നത്. ഷാജഹാന്‍പുരിലെ മുസ്ലിം പള്ളി ടാര്‍പോളിന്‍ കൊണ്ട് മറച്ചിരിക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. 60 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹോളിയും റംസാന്‍ മാസത്തിലെ വെള്ളി ജുമാ നിസ്‌കാരവും ഒരേദിവസം എത്തുന്നത്. ഷാജഹാന്‍പുരില്‍ ഹോളി ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ 20 മസ്ജിദുകള്‍ തദ്ദേശഭരണ വകുപ്പും പൊലീസും ചേര്‍ന്ന് മൂടി.
ഹോളി ഘോഷയാത്ര കടന്നുപോകുന്നതിനു മുന്‍പോ അല്ലെങ്കില്‍ ഘോഷയാത്ര കഴിഞ്ഞോ മാത്രമേ ജുമാ പ്രാര്‍ത്ഥനകള്‍ നടത്താവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോളിദിവസം മുസ്ലിങ്ങള്‍ ഹിജാബിനു പകരം ടാര്‍പോളിന്‍ ധരിച്ചാല്‍ മതിയെന്നു ബിജെപി നേതാവ് രഘുരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.