വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 27 ജൂലൈ 2020 (11:15 IST)
കൊല്‍ക്കത്ത: കൊവിഡ് പകരുമെന്ന് ഭയന്ന് ആംബുലന്‍സില്‍ കയറ്റാന്‍ ആരും സഹായിയ്ക്കാത്തതിനെ തുടർന്ന് കോവിഡ് സംശയിക്കുന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു. മാധവ് നാരായണ്‍ ദത്ത എന്ന ആളാണ് ആംബുലന്‍സിലേക്ക് നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റാൻ റഫര്‍ ചെയ്തു. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് നാരായണ്‍ ദത്ത കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ആംബുലൻസിൽ കയറ്റാൻ ഭാര്യ സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും കോവിഡ് ഭീതിയില്‍ ആരും ഇതിന് തയ്യാറായില്ല.
ദത്തയെ ആംബുലന്‍സില്‍ കയറ്റാന്‍ ഭാര്യ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അരമണിക്കൂറോളം ഇത്തരത്തിൽ സഹായം ലഭിയ്ക്കാതെ ദത്ത നിലത്തുകിടന്നു. ഒടുവില്‍ ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവിന് ഓക്‌സിജന്‍ നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് ഭാര്യ അല്‍പ്പന ദത്ത ആരോപിക്കുന്നു.