ഉധം‌പൂരിലെ ഭീകരാക്രമണത്തിനു പിന്നില്‍ ഹാഫിസ് സയിദിന്റെ മകന്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 8 ഓഗസ്റ്റ് 2015 (13:44 IST)
ജമ്മു കശ്മീരിലെ ഉധംപൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ 26/11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജമാത്ത് ഉദ്ദവ മേധാവി
ഹാഫിസ് സയിദിന്റെ മകന്‍ തല്‍ഹയാണെന്ന് പിടിയിലായ ഭീകരന്‍
മുഹമ്മദ് നവേദിന്റെ മൊഴി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ചോദ്യം ചെയ്യലിലാണ് നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലൊടെ ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

തല്‍ഹയുടെ നിര്‍ദേശപ്രകാരമാണ് ഉധംപൂര്‍ ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരര്‍ക്ക് പരിശീലനം നല്‍കി ഇന്ത്യയിലേക്ക് അയച്ചത്. ലഷ്‌റെ തോയിബ യുടെ മധ്യ, ദക്ഷിണ കശ്മീരില്‍ മേഖല മേധാവി അബു ഖാസിമിനു വേണ്ടി സ്‌ഫോടനങ്ങള്‍ നടത്തിയതും പരിശീലനം നേടിയ രണ്ടു പാകിസ്താനി ഭീകരരെ ഉധംപൂര്‍ ആക്രമണത്തിന് അയച്ചതയും തല്‍ഹയാണെന്ന് മൊഴിയില്‍ പറയുന്നു.

ഭീകരരായ നൗമാന്‍ (സെയ്ദിന്റെ വിശ്വസ്തനായ സഹായി), ഒകാഷ, മുഹമ്മദ് ഭായ് എന്നിവര്‍ക്കൊപ്പം ജൂണ്‍ രണ്ടിനാണ് കുപ്‌വാരയിലെ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയില്‍ കടന്നതെന്നും നവേദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.നാലു പേരും പിന്നീട് വഴിപിരിഞ്ഞുവെങ്കിലും നൗമാനെ കണ്ടെത്തി നവേദ് ഉധംപൂര്‍ ആക്രമണം നടത്തുകയായിരുന്നു. ജെ.കെ13 2586 നമ്പര്‍ ട്രക്കിലാണ് ഉധംപൂരിലെത്തിയത്. തുടര്‍ന്ന് ബി.എസ്.എഫ് വാഹനം പ്രതീക്ഷിച്ച് ശ്രീനഗര്‍- ജമ്മു ദേശീയപാതയിലെ നര്‍സൂവില്‍ അര മണിക്കൂറോളം കാത്തിരുന്നു ആക്രമണം നടത്തുകയായിരുന്നുവെന്നും നവേദ് പറഞ്ഞു.

നേരത്തെ കുപ്‌വാരയില്‍ എത്തിയ തങ്ങള്‍ക്ക് ജി.പി.എസ് സഹായത്തോടെ ലഷ്‌കറെ തോയിബയുടെ പാകിസ്താന്‍ ഭീകരന്‍ ഉബൈദിനെ കണ്ടെത്തി സഹായം തേടിയിരുന്നു. അബു ഖാസിമിന്റെ നിര്‍ദേശപ്രകാരമാണ് ഉധംപൂര്‍ ആക്രമണത്തിന് തെരഞ്ഞെടുത്തതെന്നും നവേദ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :