അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

Amit shah- Vijay
അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2024 (13:44 IST)
Amit shah- Vijay
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമായിരിക്കെ വിമര്‍ശനവുമായി നടനും രാഷ്ട്രീയനേതാവുമായ വിജയ് രംഗത്ത്. അംബേദ്ക്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്നും മഹത്തായ ആ നാമം സന്തോഷത്തോടെ ഉച്ചരിക്കാമെന്നും വിജയ് എക്‌സില്‍ കുറിച്ചു. പാര്‍ലമെന്റിലടക്കം അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് താരത്തിന്റെ പ്രതികരണം.

ചിലര്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ കാറ്റ് ശ്വസിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങളാലും ഉയര്‍ത്തിപ്പിടിക്കപ്പെട്ട അസാധാരണ രാഷ്ട്രീയ ബൗധികപ്രതിഭയായിരുന്നു അദ്ദേഹം. അംബേദ്കര്‍.. അംബേദ്കര്‍.. അംബേദ്കര്‍..
അദ്ദേഹത്തിന്റെ പേരിനാല്‍ ഹൃദയവും അധരങ്ങളും ആനന്ദിക്കട്ടെ നാം അത് ഉച്ചരിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ രാഷ്ട്രീയ നേതാവിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പേരില്‍ അംബേദ്കരെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു. വിജയ് എക്‌സില്‍ കുറിച്ചു.

2011ലെ സെന്‍സസ് പ്രകാരം തമിഴ്നാട്ടിലെ ജനസംഖ്യയിലെ 20 ശതമാനത്തോളം ദളിതരാണ്. ഈ വോട്ട് ബാങ്കാണ് തമിഴ്നാട്ടില്‍ വിജയ് ലക്ഷ്യമിടുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ വിജയ് ശക്തമായി രംഗത്ത് വന്നത്.
അംബേദ്കര്‍.. അംബേദ്കര്‍.. അംബേദ്കര്‍.. എന്ന് ആവര്‍ത്തിക്കുന്നത് ഫാഷനായി മാറിയിരിക്കുകയാണെന്നും അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ 7 ജന്മങ്ങളിലും ഇവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നായിരുന്നു അമിത് ഷായുടെ വിവാദമായ പരാമര്‍ശം.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :