റിപ്പബ്‌ളിക് ദിനത്തിലെ സംഘര്‍ഷം: തെറ്റായ വിവരം പ്രചരിപ്പിച്ചതിന് ശശി തരൂരിനെതിരെ കേസ്

സുബിന്‍ ജോഷി| Last Modified വെള്ളി, 29 ജനുവരി 2021 (00:33 IST)
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകസമരത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് ശശി തരൂര്‍ എം പിക്കെതിരെ കേസ്. മാധ്യമപ്രവര്‍ത്തകരായ രജ്‌ദീപ് സര്‍‌ദേശായി, മൃണാള്‍ പാണ്ഡേ തുടങ്ങിയവര്‍ക്കെതിരെയും നോയ്‌ഡ പൊലീസ് കേസെടുത്തു. എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും കലാപത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ പോസ്റ്റുകളിട്ടെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെയുള്ളവ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും പ്രതിച്ഛായ മോശപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളെന്നും സമരത്തില്‍ പങ്കെടുത്ത കര്‍ഷകനെ പൊലീസ് വെടിവച്ചുകൊന്നു എന്ന തരത്തില്‍ തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്‌തെന്നുമാണ് ആരോപണം.

രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :