അഭിറാം മനോഹർ|
Last Modified വ്യാഴം, 5 മെയ് 2022 (17:23 IST)
ഗുജറാത്തിലെ മുഹ്‌സാനയിൽ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന് ജിഗ്നേഷ് മേവാനിയടക്കം 9 പേർക്ക് മൂന്ന് മാസം തടവ് ശിക്ഷ.മെഹ്‌സാന മജിസ്‌ട്രേട്ട് കോടതിയാണ്
ശിക്ഷ വിധിച്ചത്. 2017 ജൂലായില്‍ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ രജിസ്റ്റർ ചെയ്‌ത ക്രിമിനൽ കേസിലാണ് ശിക്ഷ.
എൻസിപി നേതാവ് രേഷ്‌മ പട്ടേലിനും തടവ് ശിക്ഷ വിധിച്ചു. റാലി നടത്തുന്നത് തെറ്റല്ല, എങ്കിലും അനുമതിയില്ലാതെ റാലി നടത്തിയ നിയമലംഘനം പൊറുക്കാനാവില്ലെന്ന് കോടതി പറഞ്ഞു.ഉനയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മെഹ്‌സാനയില്‍ മേവാനിയും സംഘവും നടത്തിയ റാലിയാണ് കേസിന് ആധാരം.
മെഹ്‌സാന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാൽ ഇത് വകവെയ്‌ക്കാതെ സംഘാടകർ റാലിയുമായി മുന്നോട്ട് പോവുകയായിരുന്നു.ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ അദ്ദേഹം ഹാജരാകാതിരുന്നതിനാൽ അദ്ദേഹത്തെ പിന്നീട് വിചാരണ ചെയുമെന്ന് കോടതി വ്യക്തമാക്കി.