ഇവിടെ ഒരു ഭരണഘടനയുണ്ട്, പോലീസ് നടപടിക്കെതിരെ തെലങ്കാന ബിജെപി

അഭിറാം മനോഹർ| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2019 (13:09 IST)
തെലങ്കാനയിൽ ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി. സംഭവത്തിൽ പോലീസും സർക്കാറും വിശദീകരണം നൽകണമെന്നാണ് ബി ജെ പി സംസ്ഥാന നേത്രുത്വം ആവശ്യപ്പെട്ടത്.

കൂട്ടബാലാത്സംഗത്തേയും കൊലപാതകത്തേയും ബി ജെ പി അപലപിക്കുന്നതായും
ആക്രമണത്തിന് വിധേയയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിനായി ബി ജെ പി സംസ്ഥാന സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും ബി ജെ പി വക്താവ് കൃഷ്ണസാഗര്‍ റാവു ചൂണ്ടിക്കാട്ടി.

എന്നാൽ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നത് മറക്കരുതെന്നും ഇതൊരു വെള്ളരിക്കാ പട്ടണമല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്രുത്യങ്ങൾ നടക്കുമ്പോൾ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല. സംസ്ഥാന സർക്കാറും പോലീസും ഉടനെ പത്ര സമ്മേളനം നടത്താൻ തയ്യാറാകണമെന്നും അതിന് ശേഷം മാത്രമേ ഉത്തരവാദിത്തമുള്ള ദേശീയ പാർട്ടി എന്ന നിലയിൽ ബി ജെ പി പ്രതികരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെലങ്കാന പോലീസിനെ അഭിനന്ദിച്ചുകൊണ്ട് ചില ബി ജെ പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെ പോലെ പ്രവർത്തിക്കുവാൻ അനുവദിച്ച നേതാക്കളെയും ഹൈദരാബാദ് പോലീസിനെയും അഭിനന്ദിക്കുന്നതായി ബി ജെ പി നേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :