തന്റെ രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ല ; കേരളത്തിനുള്ള നരേന്ദ്ര മോദിയുടെ സമ്മാനമാണ് : സുരേഷ് ഗോപി

തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള തീരുമാനം രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം, ബി ജെ പി, നരേന്ദ്ര മോദി, സുരേഷ് ഗോപി thiruvananthapuram, BJP, narendra modi, suresh gopi
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (08:24 IST)
തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള തീരുമാനം രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി. നമ്മുടെ പ്രധാനമന്ത്രി നിർദേശിച്ചു എന്നല്ലാതെ ഇതിൽ ഒരു തരത്തിലുള്ള രാഷ്ട്രീയവുമില്ല. എം പി ആയാൽ വറ്റി വരളുന്ന നദികളുടെ വീണ്ടെടുപ്പിനാണ് മുഖ്യപരിഗണന നൽകുക. തിരുവനന്തപുരത്തുനിന്നായിരിക്കും ഇതിന് തുടക്കമിടുക. 25 വര്‍ഷത്തിനപ്പുറത്തേക്ക് കേരളത്തെ എത്തിക്കാനുള്ള വികസന പ്രയത്‌നം നടത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടര്‍ന്നും സജീവമായി പങ്കെടുക്കും. 140 മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകാൻ സാധിക്കില്ല. എന്നാൽ കഴിയുന്നത്ര മണ്ഡലങ്ങളിൽ സന്ദർശനം നടത്തും. രാഷ്ട്രീയമല്ല രാഷ്ട്രം തന്നെയാണ് പ്രധാനം എന്നതാണ് തന്റെ ആപ്തവാക്യം. കേരളത്തിന് പുതിയ ഒരു എഴുത്ത് വേണം. അത് യുവജനത ആഗ്രഹിക്കുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു. സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന 12 അംഗങ്ങളില്‍ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മൽസരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം താൽപര്യം കാണിച്ചിരുന്നില്ല. കേരളത്തിനുള്ള നരേന്ദ്ര മോദിയുടെ സമ്മാനമാണ് എം പി സ്ഥാനമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :