നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 17 മെയ് 2021 (08:30 IST)
ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുന്നു. ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ടൗട്ടെ ഇന്നു പുലര്‍ച്ചെയോടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറി. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യകിഴക്കന്‍ അറബിക്കടലില്‍ ഉള്ള അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ 18 കി.മീ വേഗതയില്‍ വടക്ക്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് 17 മെയ് 2021 ന് രാവിലെ 02 .30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍18 . 0 °N അക്ഷാംശത്തിലും 71 .7 °E രേഖാംശത്തിലും എത്തിയിരിക്കുന്നു.
ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 360 കി.മീ വടക്കു-വടക്കു പടിഞ്ഞാറായും, മുംബൈ തീരത്തുനിന്ന് 170 കി.മീ തെക്കു-തെക്കു പടിഞ്ഞാറ് മാറിയും, തെക്കു-തെക്കു കിഴക്കു ദിശയില്‍ വെറാവല്‍ (ഗുജറാത്ത് ) തീരത്തു നിന്ന് 350 കി.മീയും തെക്ക്-തെക്കു കിഴക്കായി ദിയുവില്‍ നിന്ന് 310 കിലോമീറ്ററും പാക്കിസ്ഥനിലെ കറാച്ചിയില്‍ നിന്നും 900 കി.മീ തെക്കു കിഴക്കു ദിശയില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്.
ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടര്‍ന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ (ഭാവ്‌നഗര്‍ ജില്ല) തീരങ്ങള്‍ക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.