തപാല്‍ സ്റ്റാമ്പുകളില്‍ നിന്ന് ഇന്ദിരയും രാജീവും ഔട്ട്

തപാല്‍ സ്റ്റാമ്പുകള്‍ , ഇന്ദിരാ ഗാന്ധി , രാജീവ് ഗാന്ധി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (09:19 IST)
തപാല്‍ സ്റ്റാമ്പുകളില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പുറത്ത്. പ്രമുഖ വ്യക്തികളെയും യോഗയെയും ചിത്രീകരിക്കുന്ന 24 സ്റ്റാമ്പുകളുടെ പരമ്പര ഉടന്‍ പുറത്തിറങ്ങും. പഴയ പരമ്പരയിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ബി.ആര്‍. അംബേദ്കര്‍, മദര്‍ തെരേസ എന്നിവരൊഴികെയുള്ളവരെല്ലാം പുറത്താകും. പരമ്പരയില്‍ ഇനി ദീന്‍ദയാല്‍ ഉപാധ്യായ, ജയപ്രകാശ് നാരായണ്‍, ശ്യാമപ്രസാദ് മുഖര്‍ജി, രാം മനോഹര്‍ ലോഹ്യ എന്നിവരുടെ ചിത്രങ്ങള്‍ വരും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇന്ത്യന്‍ എക്സ്പ്രസിന് ലഭിച്ച മറുപടിയിലാണ്
ഈ വിവരമുള്ളത്.

യോഗയെക്കുറിച്ചും സ്റ്റാമ്പ് പുറത്തിറക്കുന്നുണ്ട്. ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ എന്ന പരമ്പരയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, മദര്‍ തെരേസ, ബി ആര്‍ അംബേദ്കര്‍ എന്നിവരെ മാത്രമാണ് പുതിയ സ്റ്റാമ്പുകളുടെ പരമ്പരയില്‍ നിലനിര്‍ത്തിയിട്ടുള്ളത്. വല്ലഭായ് പട്ടേല്‍, ബാല്‍ ഗംഗാധര്‍ തിലക്, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്ര പ്രസാദ്, മൗലാന ആസാദ്, ഭഗത് സിങ്, രബീന്ദ്രനാഥ് ടാഗോര്‍, ഛത്രപതി ശിവജി, മഹാറാണ പ്രതാപ്, വിവേകാനന്ദ, സുബ്രഹ്മണ്യ ഭാരതി, പണ്ഡിറ്റ് രവി ശങ്കര്‍, ഭീംസെന്‍ ജോഷി, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍ എന്നിവരാകും പുതുതായി മേക്കേഴ്‌സ് ഓഫ് ഇന്ത്യ പരമ്പരയില്‍ സ്റ്റാമ്പുകളില്‍ വരുന്ന മറ്റ് വ്യക്തികള്‍. നിലവിലുള്ള അഞ്ചു രൂപ സ്റ്റാമ്പുകള്‍ പിന്‍വലിച്ചുവെന്നാണ് വിവരാവകാശ രേഖ പറയുന്നത്. അഞ്ചു രൂപ സ്റ്റാമ്പുകളില്‍ ചിത്രമുള്ള വ്യക്തികള്‍ ഇന്ദിരയും രാജീവും മാത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :