മുംബൈ|
aparna shaji|
Last Modified വ്യാഴം, 9 ഫെബ്രുവരി 2017 (07:42 IST)
ശശികല നടരാജനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പിന്തുണച്ച് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്ത്. പനീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയമുണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാനറിയുന്നയാളാണ് അദ്ദേഹം -ഗവര്‍ണര്‍ പറഞ്ഞു.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുംബൈയില്‍ ഒരു പൊതുചടങ്ങിനിടെയാണ് ഗവര്‍ണറുടെ പ്രസ്താവന. വികെ ശശികലയ്ക്കെതിരെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പൊട്ടിത്തെറിച്ചതോടെ സങ്കീര്‍ണമായ എ ഐ എ ഡി എം കെയില്‍ ബലാബല പരീക്ഷത്തിന് ഇരുപക്ഷവും സജ്ജമായി നില്‍ക്കേ ഗവര്‍ണറുടെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്.
അതേ സമയം, മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിനില്‍ക്കെ തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കുന്നതായി വി കെ ശശികല അറിയിക്കുകായിരുന്നു. എഐഡിഎംകെയില്‍ യാതൊരു പ്രശ്നങ്ങളുമില്ല. പനീര്‍ശെല്‍വത്തെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. എഐഡിഎംകെ ഒരു കുടുംബമാണ്. പാര്‍ട്ടിയും എംഎല്‍എമാരും തനിക്കൊപ്പമാണ്. പനീര്‍ശെല്‍വത്തിന് പിന്നില്‍ ഡിഎംകെയാണെന്നും ശശികല വ്യക്തമാക്കി.
അതേസമയം തന്നെ പാര്‍ട്ടിയുടെ ട്രഷററാക്കിയത് ജയലളിതയാണെന്നും മറ്റാര് പറഞ്ഞാലും താന്‍ സ്ഥാനത്തുനിന്ന് മാറില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. ശശികലയ്ക്കൊപ്പം തന്നെ എഐഡിഎംകെയിലെ മറ്റൊരു നേതാവായ തമ്പിദുരൈയും പനീര്‍ശെല്‍വത്തിനെതിരെ രംഗത്തെത്തി.
തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും എത്തിയിട്ടുണ്ട്. പനീര്‍ശെല്‍വത്തിന് 40എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പനീര്‍ശെല്‍വം ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റെയും ഡിഎംകെയുടെയും തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.