ചെന്നൈ|
jibin|
Last Modified തിങ്കള്‍, 7 നവംബര്‍ 2016 (20:19 IST)
ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി
ജെ ജയലളിത പതിനഞ്ച് ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്ന് എഡിഎംകെ അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാല്‍ ഫിസിയോതെറാപ്പിക്ക് അവിധേയമാക്കുകയാണ്. അതിനുശേഷം മുഖ്യമന്ത്രി ആശുപത്രി വിടുമെന്ന് പാർട്ടി വക്താവ്
സി പൊന്നയ്യൻ അറിയിച്ചു.
എന്നാൽ ജയലളിതയെ ഐസിയുവിൽനിന്നു മാറ്റിയോ എന്ന ചോദ്യത്തിന് പൊന്നയ്യൻ വ്യക്തമായ മറുപടി നൽകിയില്ല. ഇക്കാര്യത്തിൽ ഡോക്ടർമാരാണ് തീരുമാനമെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജയലളിത സുഖം പ്രാപിച്ചതായും പൂർണബോധത്തിലേക്ക് അവർ മടങ്ങിയെത്തിയിരിക്കുന്നുവെന്നും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ പ്രതാപ് സി റെഡ്ഡി വെള്ളിയാഴ്ച അറിയിച്ചിരുന്നു. ആവശ്യമുള്ളവ ചോദിച്ച് വാങ്ങാൻ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. പൂർണ ആരോഗ്യവതിയായ ജയലളിത ഇപ്പോള്‍ സുഖമായിരിക്കുകയാണ്. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അവർ മനസിലാക്കി തുടങ്ങി. ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. അമ്മയ്ക്ക് ഉടൻതന്നെ ആശുപത്രി വിടാനാകുമെന്നും ഡോ റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അപ്പോളോ ആശുപത്രി ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയത്. എന്നാണ് അവര്‍ ആശുപത്രി വിടാനാകുമെന്നത് പ്രസക്തിയുള്ള കാര്യമല്ല. അത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. എന്നാൽ ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണെന്നും ഡോ പ്രതാപ് സി റെഡ്ഡി വ്യക്തമാക്കി.
സെപ്റ്റംബർ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.