സ്വാതിയുടെ കൊലപാതകം: കുറ്റവാളി തമിഴ്‌ സിനിമയോ ?

പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന ചൂ‍ളമേട് സ്വദേശിനിയായ സ്വാതി എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്

swathi, murder, nugampakkam, chennai, tamil cinema, sreenivasan, singer, face book, ram kumar സ്വാതി, കൊലപാതകം, നുങ്കമ്പാക്കം, ചെന്നൈ, തമിഴ് സിനിമ, ശ്രീനിവാസന്‍, ഫേസ്‌ബുക്ക്, രാം കുമാര്‍
ചെന്നൈ| സജിത്ത്| Last Modified ബുധന്‍, 6 ജൂലൈ 2016 (15:57 IST)
സുരക്ഷിതത്ത്വത്തിന്റെ കാര്യത്തിൽ ചെന്നൈ നഗരത്തെ എല്ലാവർക്കും വിശ്വാസമായിരുന്നു. എന്നാൽ അടുത്ത കാലത്ത് നഗരത്തെ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24നായിരുന്നു ചെന്നൈ നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയെ അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തിയത്.

പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന ചൂ‍ളമേട് സ്വദേശിനിയായ സ്വാതി എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഈ സംഭവം ഇവിടെയുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പിതാവ് ഗോപാലകൃഷ്ണൻ സ്വാതിയെ റെയിൽ‌വെ സ്റ്റേഷനിൽ എത്തിച്ച് തിരികെ പോയതിന് മിനിട്ടുകൾക്കുള്ളിലായിരുന്നു അതിദാരുണമായ സംഭവം നടന്നത്.

ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്നു സ്വാതി. ട്രെയിന്‍ കാത്ത് സെക്കന്റ് പ്ലാറ്റ് ഫോമില്‍ നില്‍ക്കവെ അടുത്തെത്തിയ യുവാവുമായി സ്വാതി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയിൽ യുവാവ് ബാഗില്‍ നിന്ന് കത്തിയെടുത്ത് സ്വാതിയെ വെട്ടി. മുഖത്തും കഴുത്തിലും ആഴത്തിൽ വെട്ടേറ്റ സ്വാതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ബാലൻസ് തെറ്റി പ്ലാറ്റ്ഫോമിൽ വീണ് രക്തം വാർന്ന് മരിക്കുകയുമാണുണ്ടായത്.

പട്ടാപ്പകൽ നടന്ന സംഭവത്തിൽ ചുറ്റുംനിന്നവർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതും ഭീതിപടർത്തുകയാണ്. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ ഇതാണ് സ്ഥിതിയെങ്കിൽ ആളും അനക്കവും കുറവുള്ള സ്ഥലങ്ങളിലൊക്കെ എങ്ങനെ സഞ്ചരിക്കുമെന്ന ആശങ്കയിലാണ് ഇവിടെയുള്ള ഒരോ സ്ത്രീകളും.

അതേസമയം ഈ മാസം ഒന്നാം തിയ്യതി കേസിലെ പ്രതിയായ രാംകുമാര്‍ അറസ്റ്റിലായിരുന്നു. സ്വാതി താമസിച്ചിരുന്ന വീടിനടുത്തായിട്ടായിരുന്നു ആദ്യം രാംകുമാർ താമസിച്ചിരുന്നത്. അന്നുമുതൽ ഇയാൾക്ക് സ്വാതിയോട് പ്രണയമായിരുന്നു. പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും സ്വാതി നിരസിച്ചു. സംഭവദിവസവും ഇതിനെ തുടർന്നുണ്ടായ വാക്കുതര്‍ക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ ഈ കൊലപാതകത്തിന് തമിഴ് സിനിമകളുമായി പല തരത്തിലുള്ള ബന്ധങ്ങളുമുണ്ടെന്ന ആരോപണവുമായി പല പ്രമുഖരും രംഗത്തെത്തി. തമിഴ് സംവിധായകർക്കെതിരെ രൂക്ഷ വിമർശനവുമായാണ് ഗായകൻ ശ്രീനിവാസ് പ്രതികരിച്ചത്. പെണ്ണിന്റെ പുറകേ റൊമാൻസുമായി നടന്നു ശല്യം ചെയ്യുന്നത് അത്ര നല്ല കാര്യം അല്ല. അതിനെ ഇത്ര വലിയ സംഭവമാക്കി സിനിമ ചെയ്യുന്ന രീതിയും ശരിയായ നിലപാടല്ല. പ്രമുഖരായ എല്ലാ തമിഴ് സിനിമാ സംവിധായകരും ഇക്കാര്യം മനസിലാക്കണമെന്നും ശ്രീനിവാസ് പ്രതികരിച്ചു.

യാഥാർഥ്യമുള്ള പ്രണയങ്ങളെ ചിത്രീകരിക്കുവാനുള്ള ശ്രമമാണ് എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ഇപ്പോഴത്തെ സിനിമകള്‍ വഴി തെറ്റിക്കുന്നുവെന്ന് മാത്രം പറയാന്‍ കഴിയില്ല. അതിനപ്പുറം സിനിമ നിത്യ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇക്കാരണങ്ങള്‍ കൊണ്ടു മാത്രം സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സമൂഹം എന്താണോ, അത് സിനിമയിലൂടെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന നിലപാടുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :