ഭൂമി തട്ടിയെടുത്തതായി പരാതി, റാണ ദഗുബാട്ടിക്കും അച്ഛാനുമെതിരെ കോടതിയുടെ സമൻസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (20:00 IST)
ഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ തെലുങ്ക് സൂപ്പർ താരം റാണ ഗദുബാട്ടിയ്ക്കും നിർമാതാവ് കൂടിയായ പിതാവ് ഡി സുരേഷ്ബാബുവിനുമെതിരെ സമൻസ് അയച്ച് ഹൈദരാബാദിലെ നാമ്പള്ളിയിലെ മൂന്നാം അഡീഷണം ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി. മെയ് ഒന്നിനോ അതിന് മുൻപോ ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണം.

പ്രാദേശിക ബിസിനസുകാരനായ പ്രമോദ് കുമാറാണ് പരാതികാരൻ. പ്രമോദിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം പിടിച്ചെടുക്കാൻ ഡി സുരേഷ്ബാബുവും റാണയും ശ്രമിക്കുന്നുവെന്നാണ് പരാതി. നിയമപരമല്ലാത്ത ക്രിമിനൽ ഇടപെടൽ(ഐപിസി 352), മോശമായ പെരുമാറ്റം(ഐപിസി 426), അനധികൃത കയ്യേറ്റം (ഐപിസി 447) എന്നീ വകുപ്പുകൾ ചേർത്താണ് സമൻസ്.

ഷേക്ക്പേട്ടിലെ തർക്കഭൂമി ഡി സുരേഷ് ബാബു പ്രമോദ് കുമാറിന് പാടത്തിന് നൽകിയിരുന്നു. പാട്ടക്കരാർ അവസാനിച്ചപ്പോൾ ഭൂമി 18 കോടിക്ക് വിൽക്കാൻ സുരേഷ് ബാബു തയ്യാറായി. 5 കോടി അഡ്വാൻസ് നൽകിയെങ്കിലും ഭൂമി രജിസ്ട്രേഷൻ നടപടികൾ ഡി സുരേഷ്കുമാർ പൂർത്തിയാക്കിയില്ലെന്നും പ്രശ്നം തീരും മുൻപ് മകൻ റാണയുടെ പേർക്ക് ഈ ഭൂമി മാറ്റിയെന്നും തുടർന്ന് നവംബറിൽ ഗുണ്ടകളെ ഉപയോഗിച്ച് ഭൂമി കയ്യേറിയെന്നുമാണ് പരാതി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിനെ തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :