സുമിത്രാ മഹാജന്‍ ലോക്സഭാ സ്പീക്കറായി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 6 ജൂണ്‍ 2014 (11:48 IST)
പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന വനിതാ അംഗവും ബിജെപി നേതാവുമായ സുമിത്രാ മഹാജന്‍ പതിനാറാം ലോക്‌സഭയുടെ സ്പീക്കറായി ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് സുമിത്ര.

പതിനഞ്ചാം സഭയിലെ സ്പീക്കര്‍ മീരാ കുമാറാണ് ഇതിനു മുന്പ് ഈ പദവിയിലെത്തിയത്. ഇത് എട്ടാം തവണയാണ് ഇന്‍ഡോറില്‍ നിന്ന് സുമിത്ര മഹാജന്‍ പാര്‍ലമെന്റിലെത്തുന്നത്. സുമിത്രയെ സ്പീക്കറായി നിയമിക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ചു.

മുതിര്‍ന്ന് നേതാവ് എല്‍കെ അദ്വാനി പിന്താങ്ങി. തിരഞ്ഞെടുപ്പിനൊടുവില്‍ കക്ഷിനേതാക്കള്‍ ചേര്‍ന്ന് സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് സ്പീക്കറെ അഭിനന്ദിച്ചു കൊണ്ട് നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സംസാരിച്ചു.

സുമിത്രാ മഹാജനെ പാര്‍ലമെന്റിന്റെ അന്തസ്സിനൊത്ത് സ്പീക്കാറായി തെരഞ്ഞടുത്ത എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും മോഡി നന്ദി പറഞ്ഞു. സുമിത്രയെ സ്പീക്കറായി തെരഞ്ഞടുത്തത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്താണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം അണ്ണാ ഐഎഡിഎം കെയ്ക്ക് നാല്‍കുമെന്നാണ് സൂചന. അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ ആയിരിക്കും ഈ സ്ഥാനത്തെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :