ഫീസ് അടയ്ക്കാന്‍ സാധിച്ചില്ല; സ്‌കൂള്‍ അധികൃതരുടെ ക്രൂരമര്‍ദ്ദനത്തില്‍ ആറാം ക്ലാസുകാരന് ദാരുണാന്ത്യം

സ്‌കൂള്‍ അധികൃതര്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി.

ഇംഫാല്| സജിത്ത്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (12:16 IST)
സ്‌കൂള്‍ അധികൃതര്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ഫീസ് അടക്കാത്തതിനാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മര്‍ദ്ധിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ഉത്തരവാദികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അന്നു രാത്രി സ്‌കൂള്‍ അധികൃതരാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ ശിക്ഷിച്ചുവെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ കുട്ടി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിന് അടുത്തുള്ള ലാംഗോള്‍ സ്വദേശി സുരേഷ് ടോങ്ഗ്രാമാണ് മരിച്ചത്.

ക്രൂരപീഡനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് നീതി ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരേയും തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :