ശ്രീനഗര്|
Sajith|
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (13:55 IST)
കാശ്മീരില്‍ പുതിയ ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതു സംബന്ധിച്ച് നാളെ വൈകുന്നേരത്തിനകം തീരുമാനമറിയിക്കണമെന്ന് സംസ്ഥാന ഗവര്‍ണര്‍ എന്‍ എന്‍ വോഹ്റ വ്യക്തമാക്കി. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഭരണസ്തംഭനം തുടരുന്നതിനിടയിലാണ് ഗവര്‍ണര്‍ ഈ പ്രസ്താവന നടത്തിയത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന ഭരണത്തില്‍ പങ്കാളിയായ ബി ജെ പിയോടുള്ള നിലപാട് കടുപ്പിച്ച് പി ഡി പി രംഗത്തെത്തിയത്. മുഫ്തി മുഹമ്മദിന്റെ മരണത്തിനുശേഷം മകള്‍ മെഹബൂബ മുഫ്തി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തിരുന്നു. ബി ജെ പി യുമായി സഖ്യം തുടരുന്നതിന് കേന്ദ്രം കൂടുതല്‍ ഉറപ്പുകള്‍ നല്‍കണമെന്ന ആവശ്യവുമായി അവര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഒട്ടും ജനപ്രിയമായിരുന്നില്ലെങ്കിലും ധീരമായ നിലപാടെടുത്താണ് മുഫ്തി മുഹമ്മദ് ബി ജെ പിയുമായി സഖ്യത്തിലേര്‍പ്പെട്ടത്. എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ കേന്ദ്രം ഇതുവരെ പാലിച്ചില്ലെന്നും മെഹബൂബ വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളും നിയമസഭാ സാമാജികരുമായി മെഹബൂബ സ്വന്തം വീട്ടില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ഈ നയം വ്യക്തമാക്കിയത്.
അഫ്സ്പ പിന്‍വലിക്കല്‍, ആര്‍ട്ടിക്ക്ള്‍ 370, ബീഫ് നിരോധം, പാകിസ്ഥാനുമായി ചര്‍ച്ച തുടങ്ങിയ വിഷയങ്ങളിലാണ് പി ഡി പി യും ബി ജെ പിയുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്.