ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (11:11 IST)
യമുനാ നദിതീരം മലിനമാക്കി ലോക സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചതിന് ആർട്ട് ഓഫ് ലിവിങ്ങിനു ചുമത്തിയ പിഴയുടെ ബാക്കി തുകയും
ശ്രീശ്രീ രവിശങ്കർ നൽകി. 4.75 കോടി രൂപയാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ പിഴയടച്ചത്. നേരത്തെ 25 ലക്ഷം രൂപ അടച്ചിരുന്നു.
രവി ശങ്കര്‍ അഞ്ച് കോടി പിഴയടച്ചേ തീരൂവെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് കോടി രൂപ പിഴയടയ്ക്കാമെന്ന ഉറപ്പിന്മേലാണ് സംഘടനയ്ക്ക് പരിപാടി നടത്താന്‍ കോടതി അനുമതി നല്‍കിയത്. 25 ലക്ഷം രൂപ മുന്‍കൂറായി അടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് നിയമങ്ങള്‍ ഉന്നയിച്ചും പ്രസ്‌താവനകള്‍ നടത്തിയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ട്രിബ്യൂണല്‍ വഴങ്ങാതിരുന്നതോടെ ശേഷിക്കുന്ന 4.75 കോടിയും
അടയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആർട്ട് ഓഫ് ലിവിങ്ങിന്റെ 35–മത് വാർഷികത്തോടനുബന്ധിച്ചാണ് യമുനാ തീരത്തു ലോക സാംസ്കാരിക ഉത്സവം മാർച്ചിൽ സംഘടിപ്പിച്ചത്. മാർച്ച് 11 മുതൽ 13 വരെയാണു ലോക സാംസ്കാരികോത്സവം നടന്നത്.
35 ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി യമുനാ തീരത്ത് ഏഴ് ഏക്കര്‍ സ്ഥലത്തായാണ് വേദി നിര്‍മിച്ചത്.
സാംസ്കാരിക സംഗമം നടത്താന്‍ ചെറിയ വെള്ളക്കെട്ടുകളെല്ലാം മണ്ണിട്ടു നികത്തിയതായും പച്ചപ്പുകളെല്ലാം നശിപ്പിച്ചതായും ജീവികളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ ഇല്ലാതാക്കിയതായും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച അന്വേഷണസഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.