ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള ലോക സാംസ്കാരികോത്സവത്തിന് വെള്ളിയാഴ്ച തുടക്കം

ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള ലോക സാംസ്കാരികോത്സവത്തിന് വെള്ളിയാഴ്ച തുടക്കം

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 10 മാര്‍ച്ച് 2016 (08:51 IST)
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തില്‍ യമുനാതീരത്തു നടക്കുന്ന ലോക സാംസ്കാരികോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. മൂന്നുദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 35 ലക്ഷത്തോളം പേര്‍ പങ്കെടുക്കും. മതനേതാക്കള്‍, രാഷ്‌ട്രീയനേതാക്കള്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പക്ഷേ, പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പങ്കെടുക്കില്ല.

കഴിഞ്ഞ 35 വര്‍ഷം മാനവികതയ്ക്ക് ആര്‍ട്ട് ഓഫ് ലിവിങ് നല്കിയ സേവനത്തെ പരിഗണിച്ചാണ് 35 ലക്ഷം പേരെ അണിനിരത്തുന്നത്. സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്കാരിക മാമാങ്കത്തിന് 155 രാജ്യങ്ങളില്‍ നിന്നായി 33, 000 കലാകാരന്മാര്‍ എത്തും.

തെക്കന്‍ അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, റഷ്യ, മലേഷ്യ, ആസ്ട്രേലിയ തുടങ്ങിയ നാടുകളില്‍നിന്നായി 20,000 രാജ്യാന്തര അതിഥികളെയാണ് പ്രതീക്ഷിക്കുന്നത്. 40 വാദ്യോപകരണങ്ങള്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ സിംഫണി സാംസ്കാരികോത്സവത്തിലെ പ്രധാന ഇനങ്ങളിലൊന്നാണ്.

ശ്രീശ്രീ രവിശങ്കറുടെ ‘സമാധാന ധ്യാന’മാണ് ഏറ്റവും മുഖ്യ പരിപാടി. മൂന്നു ദിവസങ്ങളിലും നടക്കുന്ന ധ്യാന പരിപാടിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കും.

ഏഴ് ഏക്കറിലായി 28,000 ചതുരശ്ര മീറ്റര്‍ വരുന്ന താല്‍ക്കാലിക സ്റ്റേജാണ് ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ താല്‍ക്കാലിക സ്റ്റേജ് എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമം കൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :