ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
ചൊവ്വ, 23 ജൂണ്‍ 2015 (11:17 IST)
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഇന്റലിജന്‍സ് ബ്യൂറോയുടെ കൈകളിലാണ്. എന്നാല്‍ മുംബൈ ആക്രമണത്തിനു പിന്നാലെ കഴിവുകെട്ട രഹസ്യാന്വേഷണ ഏജന്‍സി എന്ന ദുഷ്പേരാണ് ഐബിക്കുമേല് പിന്നീടുണ്ടായത്. അതിന്റെ പാപക്കറ കഴുകിക്കളയാന്‍ പെടാപ്പാടുപെടുന്നതിനിടെ രാജ്യത്തെ സേവിക്കാന്‍ ചാരന്മാരാകാന്‍ നിരവധി യുവാക്കള്‍ കനപ്പെട്ട ശമ്പളവും ജോലിയും പദവികളും ഉപേക്ഷിച്ച് ഐബിയില്‍ ചേരാനെത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എംബിഎ, വക്കീല്‍, ഐടി പ്രൊഫഷണല്‍സ്, അക്കൌണ്ടന്റ്, ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട യുവാക്കളാണ് ഐബിക്കുവേണ്ടി ചാരന്മാരാകന് തയ്യറായി വന്നിരിക്കുന്നത്. 18 വയസ്സിനും 27വയസ്സിനും ഇടയിലുള്ളവരാണ് യുവതി-യുവാക്കളിലധികവും.
നാഗാലാന്റ്, മണിപ്പൂര്‍, തെലുങ്കാന, മഹാരാഷ്ട്ര, ഡെല്‍ഹി, കര്‍ണാടക, ജമ്മുകാശ്മീര്‍ സംസ്ഥാനങ്ങളിലുള്ളവരാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കായി മുന്നോട്ടുവരുന്നവരില്‍ ഏറെയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂനപക്ഷവിഭാഗങ്ങളിലുള്ളവരുടെ സാന്നിധ്യവും ഇവരിലുണ്ട്.
ഐബിയിലെ ഗ്രേഡ് 2 തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ ഇവരുടെ പോസിഷന്‍ പോലീസിലെ സബ് ഇന്‍സ്പെക്ടറുടെ സ്ഥാനത്തിന് തുല്യമാണ്.
ഐപിഎസ് ഓഫീസര്‍മാര്‍ രാജ്യത്തിന്റെ സുരക്ഷയില്‍ നേരിട്ട് ഇടപെട്ട് പ്രവര്‍ത്തിക്കുമ്പോള്‍, എസിഐഒ കളുടെ പ്രവര്‍ത്തനം രഹസ്യസ്വഭാവത്തിലുള്ളതാണ്. ഭീകരവാദ ആക്രമണങ്ങളെ കുറിച്ചുള്ള രഹസ്യവിവരം ശേഖരിക്കുക, ആഭ്യന്തരകലാപ സാധ്യതകളെ കുറിച്ചറിയുക എന്നിവയെല്ലാം ഇവരുടെ പ്രവര്‍ത്തന പരിധിയില്‍പ്പെടുന്നു. ഭരണകൂടത്തിന്റെ കാതും കണ്ണുമാണിവര്. എല്ലാവര്ക്കും സ്വന്തമായി ഫോണുകളും ടെലിപ്രിന്റുകളും കമ്പ്യൂട്ടറും അതത് ദിവസത്തെ വിവരങ്ങള്‍ അറിയിക്കാനായി അനുവദിക്കുകയും ചെയ്യും.
ഇതിനു പുറമെ സമൂഹത്തിലെ സമസ്ഥ മേഖലകളില്‍ നിന്നും ചാരന്മാരെ ഉണ്ടാക്കി മെച്ചപ്പെട്ട ചാര ശൃംഖല വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ഇന്‍ഫോര്‍മറുടെ പദവി മാത്രമേ ഉണ്ടാക്കു എങ്കിലും വിവര ശേഖരണത്തിന് ഇത് എളുപ്പ വഴിയാണ്. പ്രാദേശികമായ കാര്യങ്ങള്‍ വളരെ പെട്ടന്ന് ഐബിയുടെ പക്കല്‍ എത്തുന്നതിനാല്‍ ആഭ്യന്തര സുരക്ഷ ഭദ്രമാകുമെന്നാണ് ഐബിയുടെ വിലയിരുത്തല്‍.