രാഹുൽ എന്റെ പാത പിന്തുടര്‍ന്നാ‍ല്‍ അമേഠിയിലുള്ളവര്‍ക്ക് കാണാനെങ്കിലും സാധിക്കും: സ്മൃതി ഇറാനി

അമേഠി| VISHNU N L| Last Modified ചൊവ്വ, 12 മെയ് 2015 (18:20 IST)
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ മൂന്നു മാസമായി രാഹുൽ സ്വന്തം മണ്ഡലമായ അമേഠിയിൽ സന്ദർശനം നടത്തിയിട്ടില്ല. 11 വര്‍ഷമായിട്ടും അമേഠിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത രാഹുലാണു ഇപ്പോൾ ദേശീയ തലത്തില്‍ കർഷകരെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. അമേഠിയിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു സ്മൃതി ഇറാനി.

തിലോലി നിയോജകമണ്ഡലത്തിലെ രാജാഫത്തേപ്പൂരിലായിരുന്നു പരിപാടി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ വിളിച്ചു ചേര്‍ത്ത കിസാന്‍ പഞ്ചായത്തിലാണ് സ്മൃതിയുടെ ആരോപണങ്ങള്‍. അമേഠിലേക്ക് ചെല്ലാന്‍ മനസുകാണിച്ച തന്റെ പാത പിന്തുടര്‍ന്നാല്‍ രാഹുലിനെ മണ്ഡലത്തിലുള്ളവര്‍ക്ക് കാണാനെങ്കിലും കിട്ടുമെന്ന് അവര്‍ പറഞ്ഞു. മേയ് 18ന് രാഹുൽ അമേഠിയിൽ സന്ദർശനം നടത്തുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മണ്ഡലത്തിലെ ഫുഡ്പാര്‍ക്കിനായി വിലപിക്കുന്ന രാഹുല്‍ അവിടുത്തെ കര്‍ഷകരെക്കുറിച്ച് മിണ്ടുന്നില്ല.

2010 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ ഫുഡ്പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു. മൂന്ന് തലമുറകളായി കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ നരേന്ദ്രമോഡി സര്‍ക്കാരാണ് നടപ്പാക്കിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി സഞ്ജീവ് ബലിയാന്‍ ആണ് സ്മൃതി ഇറാനിയെ സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേതിയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സ്മൃതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :