ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (16:56 IST)
അര്‍ദ്ധരാത്രിയില്‍ 1000 രൂപ, 500 രൂപ നോട്ടുകള്‍ അസാധുവായതോടെ ജനം പണത്തിനായി ബാങ്കുകളിലും എ ടി എമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. അതേസമയം, ബാങ്കുകളില്‍ ഒരു തവണ 4000 രൂപയാണ് മാറ്റി കൊടുക്കുന്നത്. ഇതോടെ, വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് പണം ശേഖരിച്ചു വെച്ചവര്‍ക്കാണ് ബുദ്ധിമുട്ട്. ലക്ഷക്കണക്കിന് തുക എങ്ങനെ മാറ്റിക്കിട്ടും എന്നറിയാതെ കുഴങ്ങുകയാണ് ആളുകള്‍. അതേസമയം, എത്ര തുക വേണമെങ്കിലും അക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ട്.
ഇതിനിടയിലാണ് ഡല്‍ഹിയില്‍ നിന്ന് ഒരു വാര്‍ത്ത എത്തിയത്. സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പരന്നു. ‘വേരിഫൈഡ് കല്യാണക്കുറി’ കാണിച്ചയാള്‍ക്ക് അഞ്ചുലക്ഷം രൂപ മാറ്റി കൊടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്തെ ഡി സി പി വേരിഫൈ ചെയ്ത കല്യാണക്കുറി കാണിച്ചതിനെ തുടര്‍ന്ന് പണം മാറ്റി നല്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബാങ്ക് ഉദ്യോഗസ്ഥരെ ഇത്തരം രേഖകള്‍ കാണിച്ചാല്‍ ഇത്രയും തുക പിന്‍വലിക്കാനോ നോട്ട് മാറ്റിയെടുക്കാനോ കഴിയുമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പരന്ന വാര്‍ത്ത.
എന്നാല്‍, ഇങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് പറഞ്ഞ ഡല്‍ഹി പൊലീസ് ഇത് വ്യാജവാര്‍ത്തയാണെന്നും പറഞ്ഞു. ഉത്തരഡല്‍ഹി ഡി സി പി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. കുടുംബത്തില്‍ വിവാഹമുണ്ടെന്ന് ഡി സി പി സാക്‌ഷ്യപ്പെടുത്തി നല്കിയാല്‍ അഞ്ചു ലക്ഷം രൂപ വരെ മാറ്റിയെടുക്കാന്‍ അനുവദിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ എട്ട് അര്‍ദ്ധരാത്രി മുതലാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കപ്പെട്ടത്.