റാഞ്ചി|
Rijisha M.|
Last Modified ചൊവ്വ, 31 ജൂലൈ 2018 (10:43 IST)
റാഞ്ചിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ. റാഞ്ചി അര്‍സാന്ദെ മേഖലയിലാണ് സംഭവം. റിട്ട. റെയില്‍വെ ജീവനക്കാരനായ ശശികുമാര്‍ ഝാ (65) ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക്, രൂപേഷ്, ദീപകിന്റെ ഭാര്യ സോണി, ഇവരുടെ മക്കളായ ഒരുവയസുകാരന് ജഗു, ആറു വയസുകാരി ഋഷിതി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാടക വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ദീപകിനേയും രൂപേഷിനേയും കണ്ടത്തിയത്. മറ്റുള്ള അഞ്ചു പേരെ അടുപ്പിച്ചിട്ട
രണ്ടു കട്ടിലുകളിൽ പുതപ്പു കൊണ്ട് മൂടിയ നിലയിലുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ കൊലപ്പെടുത്തിയതിന് ശേഷം രൂപേഷും ദീപകും തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.
ദീപക്കിന്റെ മകളുടെ സ്കൂൾ വാൻ രാവിലെ കുട്ടിയെ വിളിക്കാനായി വീട്ടിലെത്തിയിരുന്നു. വീട്ടില്‍ ആളനക്കമില്ലാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരണം പുറത്തുവന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമേ മരണകാരണം കൃത്യമായി പറയാനാകുവെന്നും റാഞ്ചി സീനിയര്‍ എസ്.പി. അനീഷ് ഗുപത് പറഞ്ഞു. ഡൽഹിയിലെ ബുരാരിയിൽ 11 അംഗകുടുംബം
കൂട്ട ആത്മഹത്യ ചെയ്ത് ആഴ്ചകൾക്കിപ്പുറമാണു സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.