ശിവസേനയ്‌ക്കുള്ളില്‍ അതൃപ്‌തി പുകയുന്നു, പവാറിനേക്കാള്‍ ഭേദം ബി ജെ പി തന്നെയാണെന്ന് ഒരു പക്ഷം

ശിവസേന, ഉദ്ദവ് താക്കറേ, ശരദ് പവാര്‍, സോണിയ ഗാന്ധി, നരേന്ദ്രമോദി, Shiv Sena, Uddav Thakkare, Sharad Pawar, Sonia Gandhi, Narendra Modi
മുംബൈ| മനീഷ് ലക്ഷ്‌മണന്‍| Last Modified ബുധന്‍, 20 നവം‌ബര്‍ 2019 (16:34 IST)
മഹാരാഷ്‌ട്ര രാഷ്ട്രീയം പുതിയ മാനങ്ങളിലേക്ക്. സര്‍ക്കാരുണ്ടാക്കാന്‍ പാര്‍ട്ടികള്‍ കിണഞ്ഞ് ശ്രമങ്ങള്‍ നടത്തുന്നതിനിടെ ശിവസേന‌യ്‌ക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. ബി ജെ പി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച് എന്‍ സി പിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടാന്‍ നടത്തുന്ന ശ്രമങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന്‍റെ കളമൊരുക്കത്തിന് ഇടനല്‍കുന്നത്.

പാര്‍ട്ടി നേതൃത്വത്തിന്‍റെ നീക്കങ്ങളില്‍ ശിവസേനയിലെ 17 എം എല്‍ എമാര്‍ക്ക് എതിരഭിപ്രായമുണ്ടെന്നാണ് വിവരം. ശരദ് പവാറിനേക്കാള്‍ എന്തുകൊണ്ടും ഭേദം ബി ജെ പിയാണെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ എതിര്‍സ്വരം ഉയര്‍ത്തുന്നവര്‍ക്ക് ഇതുവരെയും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചിട്ടില്ല.

അതിനിടെ ശരദ് പവാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതും ശിവസേനയ്ക്കുള്ളില്‍ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ദിവസം ചെല്ലുന്തോറും അതൃപ്തരുടെ എണ്ണം വര്‍ദ്ധിക്കുന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കി. എന്തായാലും തങ്ങളുടെ എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്.

ശരദ് പവാറിന്‍റെ നീക്കങ്ങള്‍ കോണ്‍ഗ്രസും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. മോദിയുമായുള്ള പവാറിന്‍റെ കൂടിക്കാഴ്ച സംശയകരമാണെന്ന അഭിപ്രായം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

എന്തായാലും വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര അസാധാരണമായ പല രാഷ്ട്രീയനീക്കങ്ങള്‍ക്കും വേദിയാകും എന്നതില്‍ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :