തമിഴ്നാട് പാസാക്കിയ നിയമം സ്റ്റേ ചെയ്യില്ല; നിയമത്തിന് എതിരായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ജല്ലിക്കെട്ട്: തമിഴ്നാട് പാസാക്കിയ നിയമം സ്റ്റേ ചെയ്യില്ല

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 31 ജനുവരി 2017 (18:48 IST)
തമിഴ്നാട് നിയമസഭ ജല്ലിക്കെട്ട് അനുവദിച്ചു കൊണ്ട് പാസാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം, നിയമത്തിന് എതിരായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

ജല്ലിക്കെട്ട് നിയമത്തിനെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കാന്‍ തയ്യാറായ കോടതി വിഷയത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ തമിഴ്നാടിന് നിര്‍ദ്ദേശം നല്കുകയും ചെയ്തു.

ജല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കോടതി ഉത്തരവ് ലംഘിക്കാന്‍ ജനങ്ങളെ അനുവദിച്ചതിന്റെ പേരില്‍ തമിഴ്നാട് സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീംകോടതി ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കാത്തതിലും വിമര്‍ശിച്ചു.

ക്രമസമാധാനം നിലനിര്‍ത്തുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമാണെന്നും ഇത്തരം സംഭവങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. 2014ല്‍ ആണ് മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :