അയോദ്ധ്യയിലെ രാമക്ഷേത്രം മോഡിസര്‍ക്കാരിന്റെ പ്രധാന അജണ്ടയല്ല: സദാനന്ദ ഗൌഡ

ന്യൂഡൽഹി| VISHNU N L| Last Modified ഞായര്‍, 14 ജൂണ്‍ 2015 (14:16 IST)
അയോദ്ധ്യയിലെ രാമക്ഷേത്രവും ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് പിൻവലിക്കുന്നതും നരേന്ദ്ര മോഡി സർക്കാരിന്റെ അജൻഡയുടെ ഭാഗമാണെങ്കിലും പ്രധാന മുൻഗണനാ വിഷയങ്ങളുടെ ഭാഗമല്ലെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ.

വികസനത്തിനും മികച്ച ഭരണവും കാഴ്ചവയ്‌ക്കുന്നതിനുമാണ് മുൻഗണന. കള്ളപ്പണം തിരിച്ചുകൊണ്ടുവരിക, ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുക, സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാനപ്പെട്ടവയെന്നും ഗൗഡ പറഞ്ഞു.രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെ എതിർക്കുന്നവരവുടെ വാദങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും. അതിന് ശേഷം സാവധാനത്തിൽ കാര്യങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിൽ പിഡിപിയുമായി ഭരണം പങ്കിടുന്ന സാഹചര്യത്തിൽ മുന്നൂറ്റി എഴുപതാം വകുപ്പ് പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് പാർട്ടി പിന്നോട്ട് പോവുകയാണോയെന്ന ചോദ്യത്തിന്
അക്കാര്യം ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കും. ഇത്തരം കാര്യങ്ങൾക്ക് സമയപരിധി നിശ്ചയിക്കാനാവില്ലെന്നും നിയമമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :