എതിര്‍പ്പുകള്‍ക്കിടെ സച്ചിന് അവധി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (14:55 IST)
രാജ്യസഭ എംപി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അവധി അനുവദിച്ചു. രാജ്യസഭയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് മറ്റ് എംപിമാരില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അവധിക്ക് അപേക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്ന് ദിവസം മാത്രമാണ് സച്ചിന്‍ സഭയില്‍ ഹാജരായത്.

കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യപരമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സച്ചിന്റെ അപേക്ഷ. സഹോദരന് ബൈപാസ് സര്‍ജറി വേണ്ടി വരുന്നതിനാലും തുറന്ന് പറയാന്‍ കഴിയാത്ത ചില കാരണങ്ങളാലുമാണ് സഭയില്‍ ഹാജരാകാതിരുന്നത്. സഭയോട് യാതൊരു വിധത്തിലുള്ള ബഹുമാനക്കുറവ് ഇല്ലെന്നും സച്ചിന്‍ അപേക്ഷയില്‍ വിശദീകരിക്കുന്നുണ്ട്.

സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാളും കോണ്‍ഗ്രസ് എംപി സത്യവ്രത് ചതുര്‍വേദിയും ഇതിനെ എതിര്‍ത്തുവെങ്കിലും ഉപാധ്യക്ഷന്‍ പരിഗണിച്ചില്ല. കോണ്‍ഗ്രസ് എംപി രാജീവ് ശുക്ല സഭയില്‍ സച്ചിന് പിന്തുണയുമായി രംഗത്തെത്തി.

കുടുംബപരമായ കാണങ്ങളാല്‍ ഒരാള്‍ ഹാജരാകാതിരുന്നാല്‍ അദ്ദേഹത്തെ കുറ്റം പറയുന്നത് ശരിയല്ലെന്ന് ശുക്ല പറഞ്ഞു. ഈ വര്‍ഷം രാജ്യസഭയിലെ ഒരു സെഷന് പോലും ഹാജരാകാതിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും നടി രേഖയ്ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :