ന്യൂഡൽഹി|
Rijisha M.|
Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (07:38 IST)
പ്രായം നോക്കാതെ ശബരിമലയിൽ സ്‌ത്രീകൾക്കും പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ വിധി ഇന്ന്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് നിർണ്ണായക വിധി പറയുക. എട്ടുദിവസത്തെ സുദീർഘമായ വാദപ്രതിവാദങ്ങൾക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാൻ മാറ്റിയത്.
ചീഫ‌് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ‌് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ക്കർ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദു മല്‍ഹോത്ര എന്നിവരാണ‌് ബെഞ്ചിലെ മറ്റ‌് അംഗങ്ങൾ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങുംമുമ്പുള്ള ചരിത്രപ്രധാനമായ മറ്റൊരുവിധിയാകും ഇന്നത്തെ
ശബരിമല വിധി.
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷ’നാണ് 2006-ൽ സുപ്രീംകോടതിയെ സമീപിച്ചത്. തുല്യതയും മതാചാരം അനുഷ‌്ഠിക്കാനുള്ള അവകാശവും വാഗ‌്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ‌് പ്രവേശനവിലക്കെന്നാണ‌് ഹര്‍ജിക്കാരുടെ വാദം. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കിന‌് പിന്നിലുണ്ടെന്ന‌് ഹര്‍ജിക്കാര്‍ ആരോപിച്ചു.
2008 മാര്‍ച്ചിലാണ‌് വിഷയം സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ പരിഗണനയിലെത്തിയത്. 2016 ജനുവരിയില്‍ വിഷയം വീണ്ടും മൂന്നംഗ ബെഞ്ച‌് പരിഗണിച്ചു. 2017 ഒക്ടോബറില്‍ ചീഫ‌് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച‌് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ‌്ക്ക‌് വിട്ടു.