Last Updated:
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (17:06 IST)
അപ്രതീക്ഷിതമായാണ് സെപ്തംബര്‍ 22 ആം തിയതി തമിഴകത്ത് ആ വാര്‍ത്ത പരന്നത്. മുഖ്യമന്ത്രി പുരട്‌ച്ചിതലൈവി ജയലളിത, തമിഴകത്തിന്റെ അമ്മ ആശുപത്രിയിലാണ്. പനിയും നിര്‍ജ്ജലീകരണവുമാണ് കാരണമായി ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആവശ്യം വേണ്ട ചികിത്സാസൌകര്യങ്ങള്‍ എല്ലാം തന്നെ പോയസ് ഗാര്‍ഡനില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ അമ്മയെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയതാണ് തമിഴകത്തെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തിയത്.
അമ്മയുടെ ആരോഗ്യത്തിനായി മക്കള്‍ പൂജകള്‍ നടത്തി, അപ്പോളോ ആശുപത്രിക്കു മുന്നില്‍ ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. എന്നാല്‍, ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ നല്കുന്നതില്‍ വിമുഖത കാട്ടി. ഇതോടെ ഊഹാപോഹങ്ങളുടെ പെരുമഴയായിരുന്നു. മിക്ക പ്രഭാതങ്ങളും ഉണര്‍ന്നത്
ജയലളിത ഗുരുതരാവസ്ഥയില്‍, ജയലളിത മരിച്ചു എന്ന ഊഹാപോഹവാര്‍ത്തകളോടെ ആയിരുന്നു. സോഷ്യല്‍മീഡിയയിലും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു. ജയലളിത മരിച്ചു എന്ന് എഴുതിയ തമിഴച്ചി എന്ന ബ്ലോഗര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
എന്തുകൊണ്ടാണ് ഇത്രയധികം ഊഹാപോഹങ്ങള്‍ ജയലളിതയെക്കുറിച്ച് പ്രചരിച്ചത്, ജയലളിത മരിച്ചെന്ന് പ്രചരിച്ചത്. അതിന്, തമിഴകം പറയുന്ന മറുപടി ഒന്നുമാത്രമാണ്, ഇതിനു മുമ്പ് നിരവധി തവണ അമ്മ ചികിത്സ തേടിയിട്ടുണ്ട്, പക്ഷേ, അന്ന് അതൊന്നും സ്ഥിരീകരിക്കാതിരുന്ന ആശുപത്രി അധികൃതര്‍ ഇത്തവണ സ്ഥിരീകരണം നല്കിയതാണ് ഒരു കാരണം. അതും ഒരു പനി പിടിച്ചതിന്. ഇതൊക്കെയാണ്, തമിഴകത്തെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
അതേസമയം, ജയലളിതയ്ക്ക് കുഴപ്പമില്ലെന്നും രാഷ്‌ട്രീയ എതിരാളികളാണ് മരണവാര്‍ത്തകളും ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകളും പടച്ചുവിടുന്നതെന്നാണ് എ ഡി എം കെ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍, രാഷ്‌ട്രീയ എതിരാളികള്‍ മറ്റു ചില വാദങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇത് അമ്മയുടെ ഒരു നമ്പര്‍ ആണെന്നാണ് അവരുടെ പക്ഷം. അതിന് അവര്‍ പറയുന്ന കാര്യങ്ങള്‍ നീതീകരിക്കാന്‍ കഴിയുന്നതാണ്.
അനധികൃത സ്വത്തുക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ ജയലളിത ഉണ്ടാക്കിയ നാടകമാണ് ഇതെന്നാണ് ഈ പക്ഷക്കാര്‍ പറയുന്നത്. വിധി പ്രതികൂലമാണെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും സൂചനകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ജയിലില്‍ പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ജയ ഇതിലൂടെ ലക്‌ഷ്യമിടുന്നതെന്നും ശത്രുക്കള്‍ പറയുന്നു. കൂടാതെ, തമിഴ്നാട് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സഹതാപതരംഗം സൃഷ്‌ടിക്കാനുള്ള ശ്രമമാണെന്നും കാവേരി പ്രശ്നത്തില്‍ വ്യക്തമായ മറുപടി നല്കാതെ അനുകൂലതീരുമാനം നേടാനുള്ള ശ്രമമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.