സ്മൃതി ഇറാനിയുടെ രാജി; ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം

ഹൈദരാബാദ്| Sajith| Last Modified ബുധന്‍, 27 ജനുവരി 2016 (18:11 IST)
രോഹിത് വെമുലയുടെ മരണത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിക്ക് ബന്ധമുണ്ടെന്ന ആരോപണം പുറത്തുവന്നതോടെ സ്മൃതിക്കു നേരെയുള്ള വിദ്യാര്‍ഥി പ്രതിഷേധം ശക്തമായി. സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന ആവശ്യത്തില്‍ സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്ന് കത്തുകള്‍ അയച്ചിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം ശക്തമായത്. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി രാജ്യത്തോട് മാപ്പു പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഭിപ്രായപ്പെട്ടിരുന്നു.

സ്മൃതിക്കെതിരെ പ്രതിഷേധിച്ച്‌ 60 വിദ്യാര്‍ത്ഥികളാണ് സമരമുഖത്തിറങ്ങിയത്. സ്മൃതിയുടെ കോലം കത്തിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പല അധ്യാപകരും രംഗത്തെത്തി. സ്മൃതി ഇറാനി രാജിവെക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൂടാതെ തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയയും രാജിവെക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇരുവരുമാണ് രോഹിത്തിന്റെ മരണത്തിന് ഉത്തരവാദികളെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. പ്രതിഷേധം അക്രമാസക്തമായപ്പോള്‍ 60 വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ഇപ്പോഴും നടക്കുന്നുണ്ട്. രോഹിത് വെമുലയുടെ ജന്മദിനമായ ജനുവരി 30ന് 'ചലോ ദില്ലി' എന്ന പേരില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. പലതരത്തിലുള്ള രാഷ്ട്രീയ കളികളും ഇതില്‍ നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈസ് ചാന്‍സലറായ വി.സി അപ്പാറാവുവിനെതിരെയും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :