ആര്‍കെ നഗറില്‍ ജയലളിത നാളെ ജനവിധി തേടും

തമിഴ്‌നാട് ,  ജയലളിത , ആര്‍കെ നഗര്‍ , തമിഴ്‌നാട്
ചെന്നൈ| jibin| Last Updated: വെള്ളി, 26 ജൂണ്‍ 2015 (09:55 IST)
തമിഴ്‌നാട് മുഖ്യമന്ത്രി നാളെ ജനവിധി തേടും. ആര്‍കെ നഗറില്‍ നിന്നാണ് ജയലളിത നിയമസഭയിലേക്ക് മത്സരിക്കുന്നത്. കാര്യമായ എതിര്‍പ്പില്ലാതെയാണ് മത്സരം. ഇടത് സ്ഥാനാര്‍ഥി മാത്രമാണ് ജയ്‌ക്ക് എതിരായി ആര്‍കെ നഗറില്‍ ഉള്ളത്.
ശക്തമായ പ്രചാരണങ്ങളൊന്നുമില്ലാത്ത മണ്ഡലത്തില്‍ ജയലളിത ആകെ ഒരു തവണ മാത്രമാണ് എത്തിയത്.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാംഗത്വം നഷ്ടമായതിനാലാണ് ജയലളിതക്ക് വീണ്ടും മത്സരിക്കേണ്ടി വന്നത്. ജയലളിത തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളില്‍ സജീവമായില്ലെങ്കിലും മന്ത്രി സഭയിലെ എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വീതിച്ചു നല്‍കിയിരുന്നു. കൂടാതെ ആര്‍കെ നഗറിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ നിര്‍ദേശവും നല്‍കിയിരുന്നു.

ജയത്തില്‍ ഉറപ്പുണ്ടെങ്കിലും വെറും ജയം മാത്രമല്ല ജയലളിത ആഗ്രഹിക്കുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷം നേടി സജീവ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചു വരുക കൂടിയാണ് അവര്‍ ആഗ്രഹിക്കുന്നത്. അതതു സ്ഥലത്തെ വോട്ടുകൾ സമാഹരിക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം, ചുമതലയുള്ള മന്ത്രിക്കാണ്.

വോട്ട് കുറഞ്ഞാൽ ജയയുടെ അപ്രീതിക്കു കാരണമാകുമെന്നറിയാവുന്നതിനാൽ മന്ത്രിമാർ കയ്യും മെയ്യും മറന്നാണു പ്രചാരണത്തിനിറങ്ങിയത്. വോട്ട് ചോദിച്ചു മന്ത്രിസഭാംഗങ്ങളിലൊരാൾ മണ്ഡലത്തിലെ എല്ലാ വീടുകളിലുമെത്തിയിരിക്കുമെന്നു പാർട്ടി നേതൃത്വം ഉറപ്പുവരുത്തുകയും ചെയ്തു. പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനന്റെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണു ചുക്കാൻ പിടിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :