ന്യൂഡൽഹി|
aparna shaji|
Last Modified വ്യാഴം, 23 ജൂണ്‍ 2016 (12:21 IST)
റിയോ ഒളിമ്പിക്സിൽ ബോക്സിങ് താരം മേരി കോമിന് പങ്കെടുക്കുവാൻ വൈൽഡ് കാർഡ് പ്രവേശനം ലഭിക്കില്ല. മേരി കോമിന് പ്രവേശനം ലഭിക്കുന്നതുമായി സംബന്ധിച്ച് ഇന്ത്യ നൽകിയ അപേക്ഷയാണ് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ നിരസിച്ചത്. കായിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് മേരി കോമിന് വൈൽഡ് കാർഡ് പ്രവേശത്തിന് അഭ്യർഥിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
വൈൽഡ് കാർഡ് പ്രവേശനം ലഭ്യമാകില്ലെന്ന് ഉറപ്പായതോടെ തുടർച്ചയായ രണ്ടാം ഒളിമ്പിക്സ് എന്ന മോഹം മേരി കോമിന് ഉപേക്ഷിക്കേണ്ടി വരും. കഴിഞ്ഞ മാസം ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തില്‍ സെമിയില്‍ ചൈനയുടെ റെന്‍ കാന്‍കാനാണ് അഞ്ചുവട്ടം ലോകജേത്രിയായ മേരിയെ മലര്‍ത്തിയടിച്ചത്.
ഒളിമ്പിക് പ്രവേശനത്തിനുള്ള അവസാന മത്സരമായിരുന്നു ഇത്. എല്ലാ ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കും ഒളിമ്പിക്സ് പ്രവേശനത്തിന് നൽകുന്ന പ്രത്യേക അനുമതി പത്രമാണ് വൈൽഡ് കാർഡ്. എല്ലാ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളും പൂർത്തീകരിച്ചതിന് ശേഷമാണ് വൈൽഡ് കാർഡിന് പരിഗണിക്കപ്പെടുക.