ന്യൂഡല്‍ഹി|
vishnu|
Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (10:44 IST)
ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഇന്‍ഷുറന്‍സ് രംഗത്തെ വിദേശ നിക്ഷേപം അനുവദിക്കുന്ന ബില്‍ രാജ്യസഭയില്‍ ഇന്ന് അവതരിപ്പിക്കും. ബില്ലിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്കിയ സാഹചര്യത്തില്‍ ലോക്സഭയിലേതു പോലെ രാജ്യസഭയിലും ബില്‍ പാസാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഏറെ വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ശേഷമാണ് ഇന്‍ന്‍ഷുറന്‍സ് ബില്‍ ഒരിക്കല്‍ കൂടി രാജ്യസഭയിലെത്തുന്നത്.
2008ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലം മുതലേ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ഇടതു പാര്‍ട്ടികളുടെ എതിര്‍പ്പിനേ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തവണ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ ബില്‍ വീണ്ടും രാജ്യസഭയില്‍ എത്തിയിരുന്നു. എന്നാല്‍ രാജ്യസഭയുടെ സെലക്ട് കമ്മറ്റിക്കു വിട്ട് ഇന്‍ഷുറന്‍സ് ബില്ലില്‍ ഭേദഗതികളും വരുത്തിയതിനാല്‍ ഇടതുപാര്‍ട്ടികള്‍ അംഗീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക പരിഷ്കരണ നടപടികള്‍ വേഗത്തിലാക്കാനുള്ള നരേന്ദ്രമോഡി
സര്‍ക്കരിന്റെ ശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്‍ഷുറന്‍സ് ബില്‍. വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തുന്നതോടെ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്കു കടന്നുവരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.