ചെന്നൈ|
VISHNU N L|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (15:23 IST)
തിരക്കുള്ള റൂട്ടുകളിൽ പലപ്പോഴും സംഭവിക്കുന്നതാണ് ട്രയിന്‍ ടിക്കറ്റ് കണ്‍ഫേം ആകാതെ വെയിറ്റിംഗ് ലിസ്റ്റിലാകുന്നത്. ഇതോടെ അവസാന നിമിഷം ടിക്കറ്റ് കാന്‍സല്‍ ചെയ്ത് മറ്റ് ട്രയിനില്‍ ടിക്കറ്റ് എടുക്കുകയാണ് മിക്ക യാത്രക്കാരും ചെയ്യുന്നത്. എന്നാല്‍ ഈ പ്രശ്നത്തിന് വിപ്ലവകരമായ പരിഹാരവുമായി റയില്‍വേ രംഗത്ത് വരുന്നു. റയില്‍വേയുടെ പുതിയ സംവിധാനമായ ഓൾടർനേറ്റ് ട്രെയിൻസ് അക്കോമൊഡേഷൻ സ്‌കീം (വികൽപ്) ഇനി ഈ പ്രശ്നത്തിന് പരിഹാരമാകും.
നിലവിലെ സാഹചര്യത്തിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൊണ്ട് ട്രെയിനിൽ യാത്ര ചെയ്യാനാവില്ല. ഒരേസമയം ഒരു ട്രെയിനിലേക്കു മാത്രമേ ടിക്കറ്റ് റിസർവ് ചെയ്യാനും ആകൂ. വികൽപ് വരുന്നതോടെ ഒരു ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം കൺഫേം ആയില്ലെങ്കിൽ യാത്ര ചെയ്യാൻ മറ്റു ട്രെയിനുകൾ ഓപ്ഷനൽ ആയി രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടാകും. ഒരേ റൂട്ടിൽ പോകുന്ന ഏതു ട്രെയിനിലോ ഭാഗീകയാത്രയ്‌ക്കോ ഈ സംവിധാനം ഉപയോഗപ്പെടുത്താം.
അതായത് നിങ്ങള്‍ ബുക്ക് ചെയ്ത് ട്രയിനില്‍ ടിക്കറ്റ് കണ്‍ഫേമായില്ലെങ്കിലും സമാന റൂട്ടില്‍ ഓടുന്ന മറ്റ് ട്രയിനില്‍ നിങ്ങള്‍ക്ക് ബര്‍ത്ത് ലഭിക്കും. അതായത് ടിക്കറ്റ് കാൻസൽ ചെയ്തു പുതിയ ടിക്കറ്റെടുക്കാതെതന്നെ തൊട്ടടുത്ത സീറ്റോ ബർത്തോ ഉള്ള ട്രെയിനിൽ യാത്ര ചെയ്യാം. റെയിൽവേയുടെ പരിഷ്‌കാരം നവംബർ ഒന്നിനു നിലവിൽ വരും. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് യാത്ര മാറ്റിവെക്കുകയെന്ന വലിയ തലവേദനയാണ് ഇതോടെ ഒഴിഞ്ഞുപോവുക.
വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്‌പെഷൽ ട്രെയിനുകൾ ഓടിക്കാനും ഒരേ ദിശയിൽവെയിറ്റിങ് ലിസ്റ്റിലുള്ളവർക്കു ബർത്തോ സീറ്റോ അനുവദിക്കും. ഇക്കാര്യം എസ്‌എംഎസ് മുഖേനെ യാത്രക്കാരെ റയില്‍വേ അറിയിക്കുകയും ചെയ്യും. മെയിൽ, എക്സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലായിരിക്കും സംവിധാനം ആദ്യം നടപ്പാക്കുക.
എക്സ്‌പ്രസ് ട്രെയിനുകളിൽ ടിക്കറ്റ് എടുത്തവർക്കു സൂപ്പർഫാസ്റ്റ് ട്രെയിനുകളിലാണ് സീറ്റ് കൺഫേം ആകുന്നതെങ്കിൽ അധികം നിരക്കു നൽകേണ്ടതില്ലെന്നും റെയിൽവേ അറിയിച്ചു. അതേസമയം സൂപ്പർഫാസ്റ്റ് ട്രെയിനിൽ ടിക്കറ്റ് എടുത്തവർ എക്സ്‌പ്രസ് ട്രെയിനുകളിലാണ് പോകുന്നതെങ്കിൽ ബാക്കി തുക തിരിച്ചു നൽകില്ല. തിരക്കുള്ള റൂട്ടുകളില്‍ ഫെസ്റ്റിവര്‍ല്‍ സമയങ്ങളില്‍ സ്പെഷ്യല്‍ ട്രയിനുകള്‍ അനുവദിക്കാറുണ്ട്. എന്നാല്‍ പോപ്പുലറായ ട്രെയിനുകളിൽ യാത്ര ചെയ്യാനാണ് യാത്രക്കാർക്കു താൽപര്യം.
ഇത് കാരണം സ്പെഷ്യല്‍ ട്രയിനില്‍ പലപ്പോഴും സീറ്റുകളും ബര്‍ത്തുകളും കാലിയായിരിക്കും. പുതിയ പരിഷ്‌കാരത്തിലൂടെ ഈ പ്രതിസന്ധിയും റയില്‍വേയ്ക്ക് മറികടക്കാനാകും. കാലിയായ ബർത്തുകളില്ലാതെ എല്ലാ ട്രെയിനുകളും നിറയെ യാത്രക്കാരുമായി യാത്ര പുറപ്പെടുകയെന്ന ആശയത്തിൽനിന്നാണ് വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് മറ്റു ട്രെയിനുകളിൽ യാത്രാ സൗകര്യമൊരുക്കുന്ന കാര്യം റയില്‍വേ ആലോചിച്ചുതുടങ്ങുന്നത്. ഏതായാലും പുതിയ പരിഷ്കാരത്തിന് യാത്രക്കാരുടെ കൈയ്യടി നേടാനായിട്ടുണ്ട്.