റെയില്‍ നീര്‍ തട്ടിപ്പ് സിബിഐ പിടികൂടി

ന്യൂഡല്‍ഹി| jf| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (11:22 IST)
സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് റെയിലവേ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍ നീര്‍ കുപ്പിവെള്ള പദ്ധതിയില്‍
വന്‍ തട്ടിപ്പു നടത്തുന്നതായി സി ബി ഐ കണ്ടെത്തി. റെയില്‍ നീര്‍ എന്ന അംഗീകൃത ബ്രാന്‍ഡ് കുപ്പിവെള്ളം മാത്രമേ ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളു എന്ന നിയമത്തിന്റെ
മറവില്‍ ട്രെയിനുകളില്‍ മറ്റ് പല ഗുണനിലവാരം കുറഞ്ഞ ബ്രാന്‍ഡുകളുടെ വെള്ളവും വില്‍പ്പന നടത്തുന്നതായാണ്
സിബിഐ കണ്ടെത്തിയിരിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളിലെ പതിമൂന്ന് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും 20 കോടി രൂപ കണ്ടെത്തുകയും ചെയ്തു. മുതിര്‍ന്ന രണ്ട് റെയില്‍വേ ഉദ്യോഗസ്ഥരുടെയും ഏഴ് സ്വകാര്യ കമ്പനികളുടെയും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. വിഷയത്തില്‍ വടക്കന്‍ റെയില്‍വേ ചീഫ് കൊമേഴ്ഷ്യല്‍ മാനേജര്‍മാരായ എം എസ് ചാലിയ, സന്ദീപ് സൈലാസ് എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു.

ട്രെയിനുകളില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്ന കരാറുകാര്‍ ഐ.ആര്‍.സി.ടി.സിയില്‍ നിന്ന് കുപ്പി ഒന്ന് 10.50 രൂപയ്ക്ക് റെയില്‍നീര്‍ കുപ്പിവെള്ളം വാങ്ങണമെന്നാണ് നിയമം. 10.50 രൂപയ്ക്ക് വാങ്ങി 15 രൂപയ്ക്കാണ് കരാറുകാര്‍ വെള്ളം വിറ്റു കൊണ്ടിരുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാത്ത ആറ് രൂപ വരെ താഴ്ന്ന വിലയില്‍ കിട്ടിയിരുന്ന കുപ്പിവെള്ളം വാങ്ങി 15 രൂപയ്ക്ക് വിറ്റാണ് തട്ടിപ്പ് നടത്തിയത്. നിശ്ചിത റെയില്‍ നീര്‍ ബ്രാന്‍ഡ് കുപ്പിവെള്ളം കരാറുകാര്‍ പലപ്പോഴും എടുക്കുന്നില്ല എന്ന ഐ.ആര്‍.സി.ടി.സിയുടെ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :