രാഹുല്‍ഗാന്ധി ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, അവധിയെടുത്തത് പാര്‍ട്ടിയേക്കുറിച്ച് ചിന്തിക്കാന്‍

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (19:09 IST)
ഈ വര്‍ഷം ഏപ്രിലോടെ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയുടെ രണ്ടാഴ്ചത്തെ അവധിയുള്‍പ്പെടെ കോണ്‍ഗ്രസിലെ സമീപകാല സംഭവവികാസങ്ങളെല്ലാം പാര്‍ട്ടിയില്‍ നടക്കാനിരിക്കുന്ന അധികാര കൈമാറ്റത്തിന്റെ മുന്നോടിയാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.

രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദം കൈമാറി സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയേക്കുമെന്നും സൂചനയുണ്ട്. ബജറ്റ് സമ്മേളനം നടക്കവെ എംപി കൂടിയായ രാഹുല്‍ സഭയിലെത്താതെ അവധിയെടുത്ത് പോയത് രൂക്ഷ വിമര്‍ശനം വരുത്തി വച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഏപ്രിലില്‍ നടക്കുന്ന പ്രത്യേക എഐസിസി സമ്മേളനത്തില്‍ സോണിയ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് നേതൃപദം രാഹുല്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം എത്രയും വേഗം നടത്തണമെന്ന നിര്‍ബന്ധത്തിലാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇത് അത്യാവശ്യമാണെന്നാണ് അവര്‍ പറയുന്നത്. കൂടാതെ അവധിയെടുത്ത് മാറി നില്‍ക്കുന്നത് പുതിയ സ്ഥാനാരോഹണത്തിനു മുമ്പ് പാര്‍ട്ടിയേക്കുറിച്ച് ചിന്തിക്കാനും സംഘടനാ സംവിധാനത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങളേക്കുറിച്ച് പഠിക്കാനുമാണെന്ന് നേതാക്കള്‍ പറയുന്നു. കൂടാതെ പുതിയ സംസ്ഥാന അധ്യക്ഷന്മാര്‍ രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരാണെന്നതിനാല്‍ ഈ വാദത്തിനു ബലം നല്‍കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :