രേണുക വേണു|
Last Modified വെള്ളി, 13 ഡിസംബര്‍ 2024 (15:53 IST)
ലോക്‌സഭയിലെ ആദ്യ പ്രസംഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ജാതി സെന്‍സസ് വേണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും എന്നാല്‍ സംവരണത്തെ സ്വകാര്യവത്കരണത്തിലൂടെ ദുര്‍ബലമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇപ്പോഴത്തെ പോലെ അല്ലെങ്കില്‍ മോദി സര്‍ക്കാര്‍ ഭരണഘടന മാറ്റിയെഴുതാന്‍ തുടങ്ങിയേനെ എന്നും പ്രിയങ്ക പറഞ്ഞു.
' സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. ഒരുമയുടെ സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന നല്‍കുന്നത്. എന്നാല്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിതയ്ക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡത ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി മോദിക്കു സാധിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ സംഭാലിലും മണിപ്പൂരിലും നാം അത് കണ്ടതാണ്. ഭയത്തിന്റെ അന്തരീക്ഷമാണ് കേന്ദ്രം ഉണ്ടാക്കുന്നത്,' പ്രിയങ്ക പറഞ്ഞു.
' പുസ്തകങ്ങളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും നെഹ്‌റുവിന്റെ പേര് ഒഴിവാക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. പക്ഷേ, സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും രാഷ്ട്ര നിര്‍മാണത്തില്‍ നിന്നും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. ബാലറ്റിലൂടെ ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ സത്യം പുറത്തുവരും,' പ്രിയങ്ക പറഞ്ഞു.
ലോക്‌സഭാംഗമായ ശേഷം ആദ്യമായാണ് പ്രിയങ്ക ലോക്‌സഭയില്‍ പ്രസംഗിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രിയങ്ക ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തേക്കാള്‍ മികച്ചതായിരുന്നു പ്രിയങ്കയുടെ ഇന്നത്തെ പ്രസംഗമെന്ന് ലോക്‌സഭാ സെഷനു ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പ്രതികരിച്ചു.