ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 1 ജൂലൈ 2014 (15:57 IST)
വൈകിയെത്തിയ 200 ജീവനക്കാര്‍ക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അവധി നല്‍കി തിരിച്ചയച്ചു. വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് മന്ത്രിയുടെ അപ്രതീക്ഷിത നടപടി നേരിടേണ്ടി വന്നത്.
മന്ത്രാലയത്തിന്റെ ശാസ്ത്രി ഭവനിലെ നാല് നിലകളിലും രാവിലെ ഒമ്പതേകാലിനെത്തിയ മന്ത്രി പ്രകാശ് ജാവദേക്കര്‍ മിന്നല്‍ പരിശോധന നടത്തുകയും ഒഴിഞ്ഞ കസേരകളിലെ ആളുകളെ കണ്ടെത്തി തിരിച്ചയക്കുകയുമായിരുന്നു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലകൂടിയുളള മന്ത്രി രാവിലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഓഫീസിലും ഉച്ചയ്ക്ക് ശേഷം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലും എത്തുകയാണ് പതിവ്. എന്നാല്‍ ഇന്ന് രാവിലെ പതിവ് തെറ്റിച്ച് നേരേ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെത്തിയ മന്ത്രി വൈകിയെത്തുന്നവരെ കൈയ്യോടെ പിടികൂടുകയായിരുന്നു.
പരിശോധന നടത്തുമ്പോള്‍ സീറ്റിലില്ലാതിരുന്ന ഉദ്യോഗസ്ഥര്‍ തന്നെ വന്നു കാണണമെന്ന് നിര്‍ദ്ദേശിച്ച മന്ത്രി ഇങ്ങനെ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ കൃത്യനിഷ്ഠയോടെ എത്തണമെന്ന് ഉപദേശം നല്‍കിയ ശേഷം അവധിയെടുത്ത് വീട്ടിലേക്ക് പോകാനും നിര്‍ദ്ദേശിച്ചു.
ഇനിയും വൈകിയെത്തുന്ന ജീവനക്കാര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് പിന്നീട് വകുപ്പ് സെക്രട്ടറി ബിമല്‍ ജുല്‍ക്ക പുറത്തിറക്കിയ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ മാസം 13-ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും ഇത്തരത്തില്‍ ഒരു മിന്നല്‍ പരിശോധന നടത്തി പല മുതിര്‍ന്ന ഉദ്യോഗസ്ഥരെയും താക്കീത് ചെയ്തിരുന്നു.