അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ജനുവരി 2022 (18:11 IST)
അടുത്ത 25 വർഷങ്ങൾ അങ്ങേയറ്റം കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും തപസിന്റെയും കാലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറുകണക്കിന് വര്‍ഷങ്ങളുടെ അടിമത്തത്തെത്തുടര്‍ന്ന് നമ്മുടെ രാജ്യത്തിന് നഷ്ടമായവ തിരിച്ചു പിടിക്കാനുള്ള കാലഘട്ടമാണ് വരാനിരിക്കുന്ന 25 വർഷങ്ങളെന്ന് മോദി പറഞ്ഞു.
സ്വാതന്ത്ര്യാനന്തരമുള്ള കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ രാജ്യത്ത് കടമകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണത വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാലയളവിൽ നാം അവകാശങ്ങളെ കുറിച്ച് തർക്കത്തിലേർപെടാൻ മാത്രമാണ് ശ്രമിച്ചത്. അവകാശങ്ങളെ പറ്റിയുള്ള ചർച്ചകൾ ഒരു പരിധിവരെ ശരിയാണ്. എന്നാൽ ഇന്ത്യയുടെ ശക്തി ക്ഷയിപ്പിക്കുന്നതിന് കടമകള്‍ പൂര്‍ണമായി മറന്നത് കാരണമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ
നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക് എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ലോകം ഇരുട്ടിലാണ്ട മധ്യകാലഘട്ടത്തിൽ ഇന്ത്യയുടെ തനത് വ്യക്തിത്വം ഉയർത്തിപ്പിടിച്ച നിരവധി സ്ത്രീകൾ ഭാരതത്തിലുണ്ടായിരുന്നു.
സായുധ സേനകളിലെ സ്ത്രീപ്രവേശം, പ്രസവാവധി കാലയളവ് വര്‍ധിപ്പിക്കല്‍, വോട്ടെടുപ്പിലും മന്ത്രിസഭയിലും മറ്റുമുള്ള കൂടിയ പങ്കാളിത്തം എന്നിവ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി പ്രധാനമന്ത്രി ഈ മാറ്റങ്ങള്‍ സമൂഹത്തില്‍ പ്രകടമായ പുരോഗതിയുണ്ടാക്കിയതായും സ്ത്രീപുരുഷാനുപാതം പുരോഗമനപരമായ നിലയിലേക്ക് മാറുന്നതായും പ്രധാനമന്ത്രി നിരീക്ഷിച്ചു.