ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (09:10 IST)
കേന്ദ്രമന്ത്രിസഭയില്‍ 21 മന്ത്രിമാര്‍ കൂടി. സഖ്യകക്ഷിയായ ശിവസേന ചടങ്ങ് ബഹിഷ്കരിച്ചു. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍, ശിവസേനയില്‍നിന്ന് രാജിവെച്ച സുരേഷ് പ്രഭു എന്നിവരടക്കം നാല് കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 14 സഹമന്ത്രിമാരും ആണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ, മന്ത്രിമാരുടെ എണ്ണം 66 ആയി. വികസിപ്പിച്ച മന്ത്രിസഭയുടെ ആദ്യയോഗം തിങ്കളാഴ്ച ചേരും.
മഹാരാഷ്ട്രയിലെ സഖ്യകാര്യത്തിലെ ഭിന്നിപ്പിന് പരിഹാരമാകാത്തതും പങ്കാളിത്തം ഒരു സഹമന്ത്രിപദവിയിലേക്ക് ഒതുക്കിയതിലും പ്രതിഷേധിച്ചാണ് രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ ശിവസേന ബഹിഷ്കരിച്ചത്. രണ്ട് കാബിനറ്റ് മന്ത്രിമാര്‍ വേണമെന്ന് സേന ആവശ്യപ്പെട്ടിരുന്നു. ബിജെപി മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ പിന്തുണ തേടിയാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിച്ച സേന, തത്കാലം കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ആനന്ദ് ഗീഥെയെ പിന്‍വലിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പരീക്കര്‍ക്കും സുരേഷ് പ്രഭുവിനും പുറമേ, ബിജെപി. ജനറല്‍ സെക്രട്ടറി ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ജെപി നദ്ദ, ഹരിയാണയില്‍നിന്നുള്ള ചൗധരി ബീരേന്ദ്ര സിംഗ് എന്നിവരാണ് കാബിനറ്റ് മന്ത്രിമാര്‍.
മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയാകും. ശിവസേനയില്‍ നിന്ന് ഞായറാഴ്ച ബിജെപിയിലെത്തിയ സുരേഷ് പ്രഭുവിനാണ് റെയില്‍വേയുടെ ചുമതല. ജെപി നദ്ദയ്ക്ക് ആരോഗ്യം. ബിരേന്ദര്‍ സിംഗിന് ഗ്രാമ വികസം.
മുക്താര്‍ അബ്ബാസ് നഖ്വിക്ക് ന്യൂനപക്ഷവും പാര്‍ലമെന്ററികാര്യവും. റെയില്‍വേ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡയ്ക്ക് നിയമമന്ത്രാലയത്തിന്റെ ചുമതല നല്കി. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ അധിക ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കാണ്. ആരോഗ്യ മന്ത്രിയായിരുന്ന ഹര്ഷവര്ധന് ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ചുമതല നല്കി.
രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് വാര്‍ത്താവിനിമയ മന്ത്രാലയ സഹമന്ത്രിയാകും. സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബോളീവുഡ് ഗായകന് ബാബുല്‍ സുപ്രീയോക്ക് നഗരവികസനത്തിന്റെ ചുമതല നല്കി.
നേരത്തെ അരുണ്‍ ജെയ്റ്റിയാണ് ധനവകുപ്പും പ്രതിരോധ വകുപ്പിന്രെയും ചുമതല ഒന്നിച്ചു വഹിച്ചിരുന്നത്. നിയമവും വാര്‍ത്താവിനിമയ വകുപ്പിന്റെയും ചുമതല രവിശങ്കര്‍ പ്രസാദിനായിരുന്നു.
തെലങ്കാനയില്‍നിന്നുള്ള ബണ്ഡാരു ദത്താത്രേയ, ബിഹാറില്‍ നിന്നുള്ള രാജീവ് പ്രതാപ് റൂഡി, യുപിയില്‍നിന്നുള്ള എംപി ഡോ. മഹേഷ് ശര്‍മ എന്നിവര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരായിരിക്കും. മറ്റ് 14 സഹമന്ത്രിമാര്‍ ഇവരാണ്: മുഖ്താര്‍ അബ്ബാസ് നഖ്വി, രാംകൃപാല്‍ യാദവ്, ഹരിഭായ് പാര്‍ഥിഭായ് ചൗധരി, സന്‍വര്‍ലാല്‍ ജാട്ട്, മോഹന്‍ഭായ് കല്യാണ്‍ജിഭായ് കുന്ദരിയ, ഗിരിരാജ് സിംഗ്, ഹന്‍സരാജ് അഹിര്‍, രാംശങ്കര്‍ കതാരിയ, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിംഗ് റാഥോഡ്, ബാബുല്‍ സുപ്രിയോ, സാധ്വി നിരഞ്ജന് ജ്യോതി, വിജയ് സാംബ്ല (എല്ലാവരും ബിജെപി), വൈഎസ് ചൗധരി (തെലുങ്കുദേശം).
രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോഡി, സ്പീക്കര്‍ സുമിത്രാമഹാജന്, എല്‍കെ അദ്വാനി, മന്ത്രിമാര്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാര്‍, ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബുനായിഡു തുടങ്ങിയവര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞാച്ചടങ്ങിന് കോണ്‍ഗ്രസ് നേതാക്കളാരും എത്തിയില്ല.