വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 8 ഫെബ്രുവരി 2021 (13:33 IST)
കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോപം അവസാനിപ്പിയ്ക്കണം എന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും വിണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിൽ സംസാരിയ്ക്കവെയാണ് കാർഷിക നിയമങ്ങളെ പിന്തുണച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും പ്രധാനമന്ത്രി രംഗത്തെത്തിയത്. 'നിയമത്തിലെ കുറവുകൾ പരിഹരിയ്ക്കും. നടപ്പാക്കില്ലെന്ന് വാശിപിടിയ്ക്കുന്നത് ശരിയല്ല. കർഷകരുമായി ചർച്ചയ്ക്ക് ഞങ്ങൾ എപ്പോഴും തയ്യാറാണ്. മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും പറയുകയാണ്.
കർഷക പ്രക്ഷോപവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിയ്ക്കാം, കർഷകരെ ചർച്ചയിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. താങ്ങുവില ഈ രാജ്യത്ത് ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, അത് തുടരുകയും ചെയ്യും. രാജ്യത്ത് കാർഷിക പരിഷ്കരണം നടപ്പിലാക്കേണ്ടതുണ്ട്. അതിന് കാത്തുനിൽക്കാൻ സമയമില്ല. രാജ്യം മുഴുവൻ ഒറ്റ ചന്തയായി മാറണം എന്നത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നിർദേശിച്ചതാണ്. മൻമോഹൻ സിങ് പറഞ്ഞത് മോദി നടപ്പിലാക്കി എന്നതിൽ കോൺഗ്രസ്സിന് അഭിമാനിയ്ക്കാം. കർഷകർക്ക് പ്രതിഷേധിയ്ക്കാൻ അവകാശമുണ്ട്, പക്ഷേ പ്രായമായവർ വീടുകളിലേയ്ക്ക് മടങ്ങാൻ തയ്യാറാവണം. സമരം നിർത്തി കർഷകർ ചർച്ചയ്ക്ക് തയ്യാറാവണം, സർക്കാർ വാതിലുകൾ അടച്ചിട്ടില്ല' പ്രധാനമന്ത്രി പറഞ്ഞു.